കോട്ടയം: വരും തലമുറയ്ക്ക് താങ്ങാകും എന്ന കാഴ്ചപ്പാടിലൂടെ വിഭാവനം ചെയ്യുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ ബജറ്റിലേത് എന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. വർക്കിംഗ് ഗ്രൂപ്പുകൾ, ഗ്രാമസഭകൾ എന്നിവയിലൂടെ വരുന്ന വിഷയങ്ങൾക്കു മാത്രമല്ല പ്രാദേശിക പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുമെന്നും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ 2023- 24 സാമ്പത്തിക വർഷത്തെ ബജറ്റിന്റെ ആമുഖപ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.
എല്ലാവർക്കും പാർപ്പിട സൗകര്യം ലഭ്യമാക്കുക, കലാ-കായിക സാംസ്‌കാരിക മേഖലകളിൽ പ്രതിഭകളെ വാർത്തെടുക്കുക, ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുക, കായൽ, തോടുകൾ, കനാൽ, നീരുറവകൾ, കുളങ്ങൾ എന്നിവ സംരക്ഷിക്കുക, റോഡുകളുടെ സംരക്ഷണം, ഗ്രാമ-ബ്ലോക്ക്-നഗരസഭകളുമായി സഹകരിച്ച് തെരുവുനായ നിയന്ത്രണം, ശുചിത്വ പരിപാലനം, പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണു ബജറ്റിൽ ലക്ഷ്യമിടുന്നത് എന്നും പ്രസിഡന്റ് പറഞ്ഞു.
ഭക്ഷ്യ ഉത്പാദനം, കൃഷി, ഭവനം, മൃഗസംരക്ഷണം, മണ്ണ്-ജലസംരക്ഷണം, ആരോഗ്യ സംരക്ഷണം, പൊതുവിദ്യാഭ്യാസം, കുട്ടികളുടെയും സ്ത്രീകളുടെയും വൃദ്ധരുടെയും സംരക്ഷണം, ദാരിദ്ര്യ ലഘൂകരണം, ഭിന്നശേഷിക്കാർ, അഗതികളുടെ എന്നിവരുടെ ക്ഷേമം, പട്ടികജാതി പട്ടികവർഗ്ഗക്ഷേമം, അതിദാരിദ്ര്യ പ്രക്രിയയിലൂടെ പുതിയതായി കണ്ടെത്തിയ കുടുംബങ്ങൾക്ക് ആവശ്യമായ പദ്ധതികൾ, ലഹരീവിമുക്ത പദ്ധതികൾ എന്നിവയ്ക്കു മുൻഗണന നൽകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.