കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യമാണെന്ന് മന്ത്രി പി രാജീവ്. ആറടി താഴ്ചയില്‍ തീ ഉണ്ടായിരുന്നു. കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചതെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്ത് നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഭാവിയില്‍ ഇത്തരം അനുഭവങ്ങളുണ്ടാകാന്‍ പാടില്ലെന്ന പാഠമാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജനപ്രതിനിധികളുടേയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ബ്രഹ്മപുരത്തെ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്ന് പി. രാജീവ് വ്യക്തമാക്കി.