ത്രിപുരയില്‍ വീണ്ടും മണിക് സാഹ

അഗര്‍ത്തല: ബി.ജെ.പി. ഭരണത്തുടര്‍ച്ച നേടിയ ത്രിപുരയില്‍ മണിക് സാഹ രണ്ടാം വട്ടവും മുഖ്യമന്ത്രിയാകും. ഇന്നലെ ചേര്‍ന്ന നിയുക്ത ബി.ജെ.പി. എം.എല്‍.എമാരുടെ നിയമസഭാകക്ഷി യോഗത്തില്‍ സാഹയെ നേതാവായി തെരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനെയായിരുന്നു തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞ നാളെ നടക്കും.
നിയമസഭാതെരഞ്ഞെടുപ്പിനു മാസങ്ങള്‍ ശേഷിക്കെ കഴിഞ്ഞവര്‍ഷം ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റിയാണ് സാഹയെ ബി.ജെ.പി. നേതൃത്വം മുഖ്യമന്ത്രിക്കസേരയില്‍ അവരോധിച്ചത്. ഭരണവിരുദ്ധവികാരവും കോണ്‍ഗ്രസ്-ഇടതുസഖ്യത്തിന്റെ വെല്ലുവിളിയും മറികടന്ന് 60 അംഗ നിയമസഭയില്‍ 32 സീറ്റുകളുമായി ബി.ജെ.പി. ഭരണത്തുടര്‍ച്ച നേടി. മുഖ്യമന്ത്രിയെ സംബന്ധിച്ച ചര്‍ച്ചകളില്‍ മണിക് സാഹയ്ക്കായിരുന്നു മുന്‍തൂക്കം.

അതിനിടെ നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനെ നേതൃസ്ഥാനത്തേക്കു പരിഗണിക്കുന്നതായും അഭ്യൂഹങ്ങളുയര്‍ന്നു. മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും അനുയായികളുമാണ് പ്രതിമയ്ക്കായി വാദിച്ചത്. സമവായമെന്ന നിലയില്‍ സാഹയ്ക്കു മുഖ്യമന്ത്രിപദവും പ്രതിമയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും നല്‍കി പ്രശ്‌നപരിഹാരത്തിനു ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവമാക്കി അസം മുഖ്യമന്ത്രിയും വടക്ക്-കിഴക്കന്‍ ജനാധിപത്യ സഖ്യം (എന്‍.ഇ.ഡി.എ) മേധാവിയുമായ ഹിമന്ത ബിസ്വ ശര്‍മ ഞായറാഴ്ച ത്രിപുരയിലെത്തി നേതാക്കളുടെയും പുതിയ നിയമസഭാസാമാജികരുടെയും മനസറിഞ്ഞു. ശേഷം ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതു നീക്കങ്ങള്‍ക്കു ഗതിവേഗം പകര്‍ന്നു.

ഒടുവില്‍ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് ഇന്നലെ ഉച്ചകഴിഞ്ഞുചേര്‍ന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി. നിയമസഭാംഗങ്ങളുടെ യോഗത്തില്‍ മണിക് സാഹയ്ക്ക് ഒരവസരംകൂടി നല്‍കാന്‍ തീരുമാനിച്ചു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്രനേതാക്കളടക്കം വന്‍നിര പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവര്‍ സാന്നിധ്യമരുളും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →