കാട്ടുതീ: നെല്ലിയാമ്പതി വനമേഖലയിലേക്കും പടര്‍ന്നു

നെന്മാറ: കാട്ടുതീ പടരുന്നത് മൂന്നാം ദിവസവും തുടരുന്നു. നെല്ലിയാമ്പതി വനമേഖലകളിലേക്ക് തീ വ്യാപിച്ചെങ്കിലും വനം ജീവനക്കാരും വാച്ചര്‍മാരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വനമേഖലയിലേക്ക് കാട്ടുതീ പടര്‍ന്നെങ്കിലും തീയുടെ ഗതി തിരിച്ചുവിടാന്‍ വനം വകുപ്പിന് കഴിഞ്ഞു. ഇന്ന് രാത്രിയോടെ കാട്ടുതീക്ക് ശമനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു. അമ്പതോളം വാച്ചര്‍മാരും ജീവനക്കാരും മൂന്നു ദിവസമായി വനമേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ഫയര്‍ ലൈന്‍ നിര്‍മിച്ചാണ് കാട്ടുതീയുടെ ഗതി നിയന്ത്രിച്ചത്.

കഴിഞ്ഞദിവസം ഒലിപ്പാറ മണലൂര്‍ ചള്ളയില്‍ നിന്ന് ആരംഭിച്ച കാട്ടുതീയില്‍ മലമുകളിലെ പുല്ലുകളും മുളംകൂട്ടങ്ങളും കത്തിയമര്‍ന്നു. ഇപ്പോള്‍ താഴ്‌വാരങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ നിയന്ത്രിക്കാനാകുമെന്നും നിലവിലുള്ള ഫയര്‍ ലൈനുകള്‍ തീ അണക്കാന്‍ സഹായിക്കുന്നുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. വൈകീട്ടോടെ കാട്ടുതീ പൂഞ്ചേരി, ചള്ള, ഓവുപാറ മേഖലകളിലേക്ക് നാല് കിലോമീറ്ററോളം ദൂരത്തില്‍ പടര്‍ന്നുകയറി. നെല്ലിയാമ്പതിയില്‍ ഗോവിന്ദമല ഭാഗത്തുനിന്ന് പടര്‍ന്ന കാട്ടുതീ സീതാര്‍കുണ്ട് വ്യൂപോയിന്റിന് സമീപത്തെ എസ്‌റ്റേറ്റുകള്‍ക്ക് അടുത്ത് എത്തി. സീതാര്‍കുണ്ട് ഭാഗത്തെ പുല്‍മേടുകളും കുത്തനെയുള്ള മലഞ്ചെരുവുകളും കാട്ടുതീയില്‍ അകപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ കാട്ടുതീമൂലമുള്ള ചുടു കാറ്റും പുകയും വ്യൂ പോയിന്റ് ഭാഗത്ത് എത്തിയതിനാല്‍ ഇവിടേക്ക് ശനിയാഴ്ച ഉച്ചവരെ സന്ദര്‍ശകരെ തടഞ്ഞിരുന്നു.

വ്യൂപോയിന്റിന് അടുത്തെത്തിയ കാട്ടുതീ എസ്‌റ്റേറ്റ് ജീവനക്കാരും വാച്ചര്‍മാരും ചേര്‍ന്ന് തോട്ടങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ശനിയാഴ്ച വൈകുന്നേരം വരെ തീപിടിച്ച വനമേഖലയിലൂടെ നെല്ലിയാമ്പതി മേഖലയിലേക്കുള്ള വൈദ്യുതി വിതരണവും നിര്‍ത്തിവെച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →