Part -1 ദേശീയ വിദ്യാഭ്യാസ നയം എന്ത്? എന്തിന്

2020ലെ കരട് ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം വരികയാണ്. ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ മുന്‍ചെയര്‍മാന്‍ ഡോ.കെ.കസ്തൂരിരംഗന്റെ അദ്ധ്യക്ഷതയിലുള്ള സമിതി രൂപീകരിച്ച നയമാണ് കേന്ദ്രമന്ത്രി സഭ അംഗീകരിച്ചത്.

5+3+3+4 എന്ന വിദ്യാഭ്യാസ ഘട്ടങ്ങള്‍

ദേശീയ വിദ്യാഭ്യാസനയം-2020 വിദ്യാഭ്യാസ ഘട്ടങ്ങളെ 5+3+3+4 എന്നിങ്ങനെ പതിനഞ്ച് വര്‍ഷം ഉള്‍ക്കൊള്ളും വിധമാണ് വിഭാവനം ചെയ്യുന്നത്. ഇതില്‍ 3 മുതല്‍ 8 വയസ്സ് വരെയുള്ള ഘട്ടത്തെ ഫൗണ്ടേഷണല്‍ ഘട്ടമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതില്‍ 1, 2 ക്ലാസുകളോടു ചേര്‍ന്നുള്ള 3 വര്‍ഷത്തെ പ്രീ സ്‌കൂളും ഉള്‍പ്പെടും. 8 മുതല്‍ 11 വയസ്സുവരെ അഥവാ 3 മുതല്‍ 5 വരെ ക്ലാസുകളെ പ്രിപ്പറേറ്ററി ഘട്ടമെന്നും 11 മുതല്‍ 14 വയസ്സുവരെ അതായത് 6 മുതല്‍ 8 വരെ ക്ലാസുകളെ മിഡില്‍ ഘട്ടമെന്നും 14 മുതല്‍ 18 വയസ്സുവരെ അതായത് 9 മുതല്‍ 12 വരെ ക്ലാസുകളെ സെക്കന്ററി ഘട്ടം എന്നുമാണ് വിവക്ഷിക്കുന്നത്. ഇതില്‍ 3 മുതല്‍ 6 വയസ്സ് വരെയുള്ള പ്രീ സ്‌കൂള്‍ ഘട്ടം അങ്കണവാടികളിലും പ്രീ സ്‌കൂളുകളിലും ആയിരിക്കും നടക്കുക. ഇവ സ്‌കൂളിന് അകത്തോ പുറത്തോ ആകാം.

അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിക്കുന്ന ഒരു രീതിയല്ല വിദ്യാഭ്യാസം. അതിനാല്‍ തന്നെ കോംപീറ്റന്‍സി ചെക്ക് ചെയ്യുന്ന രീതിയിലുള്ള പഠനരീതിയായിരിക്കണം ഇനി മുതല്‍ ആവിഷ്‌കരിക്കേണ്ടത്. സാധാരണയായി സ്‌കൂളുകളില്‍ നമ്മള്‍ കരിക്കുലര്‍, കോ-കരിക്കുലര്‍, എക്സ്ട്രാ കരിക്കുലര്‍ എന്നൊക്കെ നമ്മള്‍ കാര്യങ്ങള്‍ വിഭജിക്കാറുണ്ട്. അതിന് പകരം സ്പോര്‍ട്സിനെയും ആര്‍ട്സിനെയും ഒക്കെ വിദ്യാഭ്യാസ വ്യവസ്ഥയുടെ മുഖ്യധാരയില്‍ തന്നെ ഇന്റഗ്രേറ്റ് ചെയ്തുകൊണ്ടുള്ള പുതിയ രീതിയായിരിക്കും ഇനി മുതല്‍ ഉണ്ടാവുക. ഭാഷാ പഠനമാണ് അടുത്ത പ്രധാനപ്പെട്ട കാര്യം. അഞ്ചാം ക്ലാസ് വരെ മാതൃഭാശഷയിലായിരിക്കണം വിദ്യാഭ്യാസം എന്നാണ് പറയുന്നത്. കഴിയുന്നതും എട്ടാം ക്ലാസ് വരെ. ത്രിഭാഷാ പദ്ധതി തുടരും. പക്ഷേ, അതില്‍ രണ്ട് ഭാഷകള്‍ നിര്‍ബന്ധമായും ഇന്ത്യന്‍ ഭാഷകളായിരിക്കണം. അതേസമയം, സെക്കന്ററി ഘട്ടത്തില്‍ കുട്ടികളുടെ ഗ്ലോബല്‍ മൊബിലിറ്റിക്ക് സഹായകമാവുന്ന രീതിയില്‍ ഉദാഹരണമായി നിരവധി വിദേശഭാഷകള്‍ കൊടുത്തുകൊണ്ട് ആ ഭാഷകള്‍ കൂടി സ്വായത്തമാക്കാനുള്ള സാഹചര്യം വിദ്യാര്‍ഥികള്‍ക്കുണ്ടാകുമെന്നാണ് പുതിയ നയം പറയുന്നത്. ഇതിനൊക്കെ വേണ്ടി പുതിയ നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് 2020-21 വളരെ പെട്ടെന്ന് തന്നെ വിദഗ്ധരായ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് രൂപപ്പെടുത്തുന്നതാണ്.

ഇതിന്റെ നടത്തിപ്പുകാര്യങ്ങള്‍ സെക്ഷന്‍ 1.9 പ്രകാരം വിദ്യാഭ്യാസ മന്ത്രാലയം, കുട്ടികളുടെയും വനിതകളുടെയും വികസന മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ട്രൈബല്‍കാര്യ മന്ത്രാലയം എന്നിവര്‍ സംയുക്തമായിട്ടായിരിക്കും നിര്‍വഹിക്കുക. ഏകോപനത്തിനായി ഈ മന്ത്രാലയങ്ങളെല്ലാമടങ്ങിയ കര്‍മസമിതി രൂപീകരിക്കും. ഈ ഘട്ടത്തിനാവശ്യമായ കരിക്കുലവും ബോധനതന്ത്രങ്ങളും വികസിപ്പിക്കുക വിദ്യാഭ്യാസവകുപ്പായിരിക്കും. ഇപ്രകാരം പ്രീസ്‌കൂള്‍ ഘട്ടത്തെ നിലവിലുള്ള വിദ്യാഭ്യാസഘടനയില്‍ ഉള്‍പ്പെടുത്തുന്നുവെങ്കിലും അതിന്റെ മനഃശാസ്ത്രപരമോ ബോധനശാസ്ത്രപരമോ ആയ അടിത്തറ എന്താണെന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം അതിന് സൗകര്യമില്ലാത്ത ഇടങ്ങളില്‍ ചെലവ് കുറഞ്ഞ ബദല്‍ സ്‌കൂളുകള്‍ (മഹലേൃിമലേ രെവീീഹ)െ സ്ഥാപിക്കുമെന്നും സന്നദ്ധപ്രവര്‍ത്തകരുടെ കൂടി സഹകരണത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുമെന്നും ഓപ്പണ്‍ സ്‌കൂളിലൂടെ തുല്യതാപരീക്ഷ നടത്തുമെന്നും പറയുന്നുണ്ട്. സ്‌കൂള്‍ നടത്തിപ്പിനായി സ്വകാര്യ, ജീവകാരുണ്യ സംവിധാനങ്ങളെ കൂടി ക്ഷണിക്കുന്നുവെന്നും നിയന്ത്രണങ്ങളെല്ലാം ലളിതമാക്കുമെന്നും നയരേഖ മറ്റിടങ്ങളിലായി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

അടിസ്ഥാനസാക്ഷരത ഉറപ്പുവരുത്താന്‍ മിഷന്‍

പുതിയനയമനുസരിച്ച് 3 വയസ്സുമുതല്‍ 8 വയസ്സുവരെയുള്ള അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസമാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യപടി. എഴുതാനും വായിക്കാനുമുള്ള കഴിവും സംഖ്യകള്‍ ഉപയോഗിച്ചുള്ള വിവിധ ക്രിയകളുമാണ് ഈ ഘട്ടത്തിലെ ഊന്നല്‍. ഇന്ത്യയില്‍ ഇപ്പോള്‍ എലിമെന്ററി ഘട്ടത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന അഞ്ചുകോടിയോളം കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അടിസ്ഥാന ഗണിതക്രിയകള്‍ ചെയ്യാനുമറിയാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാന്‍ ദേശീയതലത്തില്‍ ഒരു മിഷന്‍ തന്നെ ആരംഭിക്കും. 2025 ഓടെ മുഴുവന്‍ കുട്ടികളും ലിറ്ററസിയും ന്യൂമറസിയും നേടി എന്ന് ഉറപ്പുവരുത്തും. ഇതിനായി സ്‌കൂളില്‍ ദിവസേന കുറേസമയം വായനയും എഴുത്തും അടിസ്ഥാനഗണിതവും ഉറപ്പിക്കാന്‍ നീക്കിവെക്കും. രാജ്യത്തെ ഓരോ പൗരനും ഒരു കുട്ടിയെ എങ്കിലും പഠിപ്പിക്കുന്ന വിധത്തിലുള്ള തീവ്രമായ ഇടപെടല്‍ തന്നെ ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ടെന്നാണ് നയം മുന്നോട്ടുവെക്കുന്ന നിലപാട്

മാതൃഭാഷയ്ക്ക് മുന്‍ഗണന

വിദ്യാര്‍ത്ഥികളെ ഒരു ഭാഷയും ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കില്ലെന്നാണ് പുതിയ വിദ്യാഭ്യാസനയം പറയുന്നത്. അഞ്ചാം ക്ലാസ്സു വരെ പഠനം മാതൃഭാഷയില്‍ മാത്രമായിരിക്കും. അല്ലാത്ത പക്ഷം ലോക്കല്‍ റിജിനല്‍ ഭാഷകള്‍ പരിഗണിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ അത് എട്ടാം ക്ലാസ്സു വരെ ഉയര്‍ത്താന്‍ അനുവാദം നല്‍കുന്നുണ്ട്. ഭാരതത്തിലെ ഭാഷകളെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന സംസ്‌കൃതത്തിനോടുള്ള അവഗണനക്ക് ശാശ്വത്വ പരിഹാരം. സ്‌കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ത്രിഭാഷാ പദ്ധതിയോടൊപ്പം (വിദേശ-ദേശീയ-പ്രാദേശിക ഭാഷകള്‍) സംസ്‌കൃതവും ഉള്‍പ്പെടുത്തും. ഭാരതീയ സാഹിത്യവും മറ്റു ക്ലാസ്സിക്കല്‍ ഭാഷകളും പഠിക്കാന്‍ അവസരമുണ്ടാവും. ഹയര്‍ സെക്കന്‍ഡറി തലത്തിലെത്തുമ്പോള്‍ ത്രിഭാഷാ പദ്ധതിക്കു പുറമെ ഇഷ്ടാനുസരണം ഫ്രഞ്ച് ജര്‍മ്മന്‍ സ്പാനിഷ് ചൈനീസ് ജാപ്പനീസ് തുടങ്ങിയ ഭാഷകളും തെരഞ്ഞെടുക്കാം.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും

ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ്സു വരെ ഒന്നോ അതിലധികമോ കൈത്തൊഴിലുകള്‍ നിര്‍ബന്ധമായും പഠിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നു. പൂന്തോട്ട നിര്‍മ്മാണം, മരപ്പണി, കളിമണ്‍ പാത്രനിര്‍മാണം ,ഇലക്ട്രിക് ജോലികള്‍, പ്ലംബിംഗ്, ഡ്രൈവിംഗ്, തുടങ്ങി സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സ്വയം തൊഴില്‍ കണ്ടെത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമായ കോഴ്സുകള്‍ പഠിപ്പിക്കും. 2025 ആവുമ്പോഴേക്കും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നുമായി 50% വിദ്യാത്ഥികള്‍ക്കെങ്കിലും തൊഴില്‍ പരിശീലനം നല്‍കാന്‍ ലക്ഷ്യമിടുന്നു. അതോടെ രാജ്യം നേരിടുന്ന സങ്കീര്‍ണമായ തൊഴിലില്ലായ്മ പ്രശ്നത്തിന് വലിയൊരളവോളം പരിഹാരമാവും.

അധ്യാപകപരിശീലനം

അധ്യാപകപരിശീലനരംഗത്താണ് വലിയ പരിവര്‍ത്തനങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2030 ഓടെ, അധ്യാപകരാകുന്നതിനുള്ള കുറഞ്ഞ യോഗ്യത 4 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി. എഡ്. കോഴ്‌സ് ആയിരിക്കുമെന്നാണ് നയം പറയുന്നത്. ഇതിനകം പ്രത്യേക വിഷയങ്ങളില്‍ 3 വര്‍ഷത്തെ ബിരുദകോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്കായി മാത്രം 2 വര്‍ഷ ബി.എഡ് കോഴ്‌സ് തുടരുമെന്നും പറയുന്നു. അതുപോലെ 4 വര്‍ഷത്തെ ബഹുവിഷയ ബിരുദകോഴ്‌സ് കഴിഞ്ഞവര്‍ക്കും ബിരുദാനന്തരബിരുദയോഗ്യത നേടിയവര്‍ക്കും ഒരുവര്‍ഷത്തെ ബി.എഡ് കോഴ്‌സ് ഒരുക്കുമെന്നും സൂചനയുണ്ട്. വിദൂരപഠനം വഴിയുള്ളതോ മുഖാമുഖവും വിദൂരവും കോര്‍ത്തിണക്കിക്കൊണ്ടുള്ളതോ ആയ ബി.എഡ് പ്രോഗ്രാമുകള്‍ പിന്നാക്കപ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്കായി നിര്‍ദേശിച്ചിട്ടുണ്ട്. അധ്യാപകപരിശീലനത്തിന്റെ ഭാഗമായി യഥാര്‍ഥ ക്ലാസ്‌റൂം പരിശീലനങ്ങള്‍ ഉറപ്പാക്കുമെന്നും രേഖ പറയുന്നു. ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് എല്ലാ രംഗത്തും ശക്തമാക്കുമെന്നും പറയുന്നു. പ്രത്യേക മേഖലകളില്‍ വൈദഗ്ധ്യമുള്ള, സ്‌കൂളുകളിലേക്ക് ആവശ്യാനുസരണം വിളിക്കാവുന്നവ്യക്തികള്‍ക്കായി ഹ്രസ്വകാല പരിശീലനങ്ങള്‍ ഡയറ്റുകളിലും സ്‌കൂള്‍ കോംപ്ലക്‌സുകളിലും ഒരുക്കുമെന്നും നയരേഖ സൂചിപ്പിക്കുന്നു. ഇങ്ങനെ പരിശീലനം കിട്ടിയവരെ സ്‌കൂളുകളിലോ സ്‌കൂള്‍ കോംപ്ലക്‌സുകളിലോ പ്രാദേശിക കല, സംഗീതം, കൃഷി, കച്ചവടം, കായിക വിദ്യാഭ്യാസം, മരപ്പണി തുടങ്ങിയ മേഖലകളില്‍ അറിവ്, നൈപുണി എന്നിവ കുട്ടികള്‍ക്ക് പ്രദാനം ചെയ്യുന്ന മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയോഗിക്കാമെന്നും രേഖ വ്യക്തമാക്കുന്നു

റെഗുലേറ്ററി ഏജന്‍സികള്‍

നിരവധി റെഗുലേറ്ററി ഏജന്‍സികളുടെ അരങ്ങാണ് ഉന്നത വിദ്യാഭ്യാസരംഗം. ഇത് അവസാനിക്കേണ്ടതുണ്ട് എന്നാണ് നയം പറയുന്നത്. ഹയര്‍ എജുക്കേഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു മേല്‍ ഘടനയായിരിക്കും ഇനി ഉന്നതവിദ്യാഭ്യാസരംഗത്തെ മൊത്തത്തില്‍ നിയന്ത്രിക്കുക. അതിനു കീഴില്‍ നാല് ബോഡികള്‍ പ്രവര്‍ത്തിക്കും: 1) വിദ്യാഭ്യാസ മേഖലയിലെ റെഗുലേഷനുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്ന നാഷ്‌നല്‍ ഹയര്‍ എജുക്കേഷന്‍ റെഗുലേറ്ററി കൗണ്‍സില്‍, (2) ഫിനാന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഹയര്‍ എജുക്കേഷന്‍ ഗ്രാന്റ് കൗണ്‍സില്‍ (3) അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട നാഷ്‌നല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (4) അക്കാദമിക നിലവാരം ഉറപ്പു വരുത്തുന്ന ജനറല്‍ എജുക്കേഷന്‍ കൗണ്‍സില്‍. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍, കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് പോലുള്ള സ്ഥാപനങ്ങള്‍ പ്രഫഷനല്‍ സ്റ്റാന്റേര്‍ഡ് സെറ്റിംഗ് ബോഡി എന്ന നിലയില്‍ മേല്‍പറഞ്ഞ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതായിരിക്കും

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →