റഷ്യയുടെ 2,700 കോടിയുടെ ചാരവിമാനം തകര്‍ത്തു

മിന്‍സ്‌ക്: ബലാറസിലെ റഷ്യന്‍ വ്യോമസേനാ താവളത്തിനുനേരേ യുക്രൈന്‍ അനുകൂലികളുടെ ഡ്രോണ്‍ ആക്രമണം. 2,737 കോടി രൂപ വിലയുള്ള ചാരവിമാനം ആക്രമണത്തില്‍ തകര്‍ന്നു. സൈനികനീക്കത്തിനുപയോഗിക്കുന്ന വിമാനത്തിനും നിരവധി സൈനിക വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അജ്ഞാത ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പുല്‍കോവോ വിമാനത്താവളം അടച്ചിടുന്നതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് ബലാറസില്‍ ആക്രമണമുണ്ടായത്.

യുക്രൈനെ പിന്തുണയ്ക്കുന്ന ബലാറസിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരാണ് ആക്രമണം നടത്തിയതെന്നാണു റിപ്പോര്‍ട്ട്. 274 ദശലക്ഷം പൗണ്ട് (ഏകദേശം 2,737 കോടി രൂപ) വിലമതിക്കുന്ന ചാരവിമാനമാണ് ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നത്. അവാക്‌സ് ബെറീവ് എ-50യു എന്ന ചാരവിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ മുന്‍ഭാഗവും മധ്യഭാഗവും അതിന്റെ ഏവിയോണിക്‌സ്, റഡാര്‍ ആന്റിനകളും തകര്‍ന്നു. റഷ്യന്‍ വ്യോമസേനയുടെ യുക്രൈനിലെ ശത്രുകേന്ദ്രങ്ങളും നശിപ്പിക്കേണ്ട ലക്ഷ്യസ്ഥാനങ്ങളും കണ്ടെത്താന്‍ ഈ വിമാനമാണ് ഉപയോഗിച്ചിരുന്നത്. അതേസമയം, ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ റഷ്യന്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചെങ്കിലും പിന്നീട് വ്യോമഗതാഗതത്തിനായി തുറന്നുകൊടുത്തു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കുള്ള നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →