ദില്ലി: മേക്ക് ഇൻ ഇന്ത്യ പോലെയുള്ള പദ്ധതികളാണ് ലോകത്തിന് ഇന്ന് വേണ്ടതെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനൊപ്പം ഇന്ത്യയിലെത്തിയ ജർമൻ ടെക്നോളജി രംഗത്തെ വമ്പൻ സ്ഥാപനങ്ങളുടെ സി ഇ ഒമാർ. ഇന്ത്യയുടെ വളർച്ചയെ വാഴ്ത്തി പ്രമുഖ കമ്പനികളുടെ സി ഇ ഒ മാർ രംഗത്തെത്തി. മേക്ക് ഇൻ ഇന്ത്യ പോലെയുള്ള പദ്ധതികളാണ് ഇന്ത്യയുടെ ടെക് രംഗത്തടക്കമുള്ള മാറ്റത്തിന് കാരണമെന്നും ഇത്തരം പദ്ധതികളാണ് ലോകത്തിന് തന്നെ ഇപ്പോൾ വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.
ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ വളർച്ച അഭൂതപൂർവ്വമാകുമെന്നും ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ശരിയായ സമയമാണിതെന്നും ഞങ്ങൾക്കറിയാമെന്നുമാണ് ജർമ്മൻ അന്താരാഷ്ട്ര ഷിപ്പിംഗ് – കണ്ടെയ്നർ ഗതാഗത കമ്പനിയായ ഹപാഗ്-ലോയ്ഡിന്റെ സി ഇ ഒ ആയ റോൾഫ് ഹാബെൻ ജാൻസെൻ അഭിപ്രായപ്പെട്ടത്. ലോകത്തിന് ഇന്ന് വേണ്ടത് ഇന്ത്യയിലുള്ളതുപോലെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

