ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു

അടിമാലി: ശിവരാത്രി ഉത്സത്തോടനുബന്ധിച്ചു നടന്ന കലാപരിപാടികള്‍ക്കിടെ ആദിവാസിയുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി മന്നാംകാല കുളങ്ങരയില്‍ ജസ്റ്റിന്‍ (40), കോച്ചേരില്‍ സഞ്ജു (35) എന്നിവരെയാണ് അടിമാലി പോലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്.
പട്ടികജാതി-പട്ടികഗോത്ര വര്‍ഗ കമ്മിഷന്റെ നിര്‍ദ്ദേശാനുസരണമാണു കേസ്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിക്കും അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ക്കും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ മര്‍ദനമേറ്റ തൊടുപുഴ വണ്ണപുറം പുളിക്കത്തൊട്ടി സ്വദേശി വിനീതിനെ പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ അടിമാലി സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കേസെടുക്കുകയായിരുന്നു. എളംപ്ലാശേരി ആദിവാസിക്കുടിയിലെ രണ്ടു യുവാക്കളോടൊപ്പം അടിമാലി ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയപ്പോഴാണ് വിനീതിനു മര്‍ദ്ദനമേറ്റത്. 17-നു രാത്രിയാണു സംഭവം.

ശിവരാത്രിയോടനുബന്ധിച്ചു നടന്ന പരിപാടിക്കിടെ ഇവരും ജസ്റ്റിനുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ വിനീതും ഒപ്പമുണ്ടായിരുന്നവരും ജസ്റ്റിനുനേരേ കത്തി വീശിയതാണു പ്രകോപനത്തിനു കാരണമായത്. ഇത് മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍നിന്നു രക്ഷപ്പെടാന്‍ വിനീത് ക്ഷേത്രത്തിലേക്ക് ഓടിക്കയറി. ജസ്റ്റിനും കൂട്ടരും അവിടെയെത്തിയും മര്‍ദിക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച ക്ഷേത്രഭാരവാഹികള്‍ക്കും മര്‍ദനമേറ്റു.

ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ ജസ്റ്റിന്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പ്രതികള്‍ വ്യാഴാഴ്ച ജാമ്യത്തിലിറങ്ങി. ഇന്നലെ രാവിലെ ജസ്റ്റിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് വൈകിട്ട് നാലുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ടാണ് സഞ്ജുവിനെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി. യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പരാതി കിട്ടാത്തതിനാല്‍ പോലീസ് ആദ്യം കേസെടുത്തിരുന്നില്ല. എന്നാല്‍ മര്‍ദനദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് ആദിവാസി സംഘടനാ നേതാക്കള്‍ ഇതു പങ്കുവെയ്ക്കുകയും വിഷയം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെയാണ് ഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തതും പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →