ലിവര്‍പൂളിനെ കെട്ടുകെട്ടിച്ച് റയാല്‍

ലണ്ടന്‍: തിരിച്ചുവരവിന്റെ കാര്യത്തില്‍ തങ്ങളെ വെല്ലാന്‍ അധികം ടീമുകളൊന്നുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് റയാല്‍ മാഡ്രിഡ്. സ്പാനിഷ് പടയുടെ പോരാട്ടവീര്യത്തിനുമുന്നില്‍ മുമ്പും മുട്ടുമടക്കിയ ചരിത്രമുള്ള ലിവര്‍പൂളായിരുന്നു ഇത്തവണയും ഇര. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ അവസാന പതിനാറിലെ ആദ്യപാദത്തില്‍ ലിവര്‍പൂളിനെ അവരുടെ മടയില്‍ റയാല്‍ കെട്ടുകെട്ടിച്ചത് രണ്ടിനെതിരേ അഞ്ചു ഗോളിന്. രണ്ടു ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ തിരിച്ചുവരവ്. ഇരട്ടഗോളുകളുമായി വിനീഷ്യസ് ജൂനിയറും കരിം ബെന്‍സെമയും കളം നിറഞ്ഞപ്പോള്‍ എഡര്‍ മിലിറ്റാവോയും റയാല്‍ സ്‌കോറര്‍മാരില്‍ ഇടംപിടിച്ചു. ഡാര്‍വിന്‍ ന്യൂനിയെസും മുഹമ്മദ് സലയും ലിവര്‍പൂളിനായി വലചലിപ്പിച്ചു.

ഇന്നലെ നടന്ന മറ്റൊരു പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ നാപ്പോളി അവരുടെ മൈതാനത്തു കീഴ്‌പ്പെടുത്തി. ഇരുപകുതികളിലായി നേടിയ രണ്ടുഗോളിനായിരുന്നു നാപ്പോളിയുടെ ജയം. വിക്ടര്‍ ഓസിമന്‍ (40), ഡി ലൊറെന്‍സോ (65) എന്നിവര്‍ വിജയികള്‍ക്കായി വലചലിപ്പിച്ചു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരിനെ അനുസ്മരിപ്പിക്കുന്ന പോരാട്ടമാണ് ആന്‍ഫീല്‍ഡില്‍ അരങ്ങേറിയത്. പഴയ പരാജയങ്ങള്‍ക്കു സ്വന്തം തട്ടകത്തില്‍ പകരംചോദിക്കാനിറങ്ങിയ ലിവര്‍പൂളിന് ആദ്യ 15 മിനിറ്റ് മാത്രമായിരുന്നു ആഹ്‌ളാദിക്കാന്‍ വകയുണ്ടായിരുന്നത്. ആര്‍ത്തലച്ച ആരാധകരുടെ ആവേശം ഇരട്ടിയാക്കി നാലാം മിനിറ്റിത്തന്നെ ലിവര്‍പൂള്‍ എതിരാളികളെ ഞെട്ടിച്ചു. വലതുപാര്‍ശ്വത്തില്‍നിന്ന് മുഹമ്മദ് സല പ്രതിരോധംതുളച്ചു സമ്മാനിച്ച പാസ് ഓട്ടത്തിനിടെ പിന്‍കാലുകൊണ്ട് വലയിലേക്കു തട്ടിയിട്ട ഡാര്‍വിന്‍ ന്യൂനിയസിന്റെ ഗോള്‍ അതിസുന്ദരവും താരത്തിന്റെ പ്രതിഭ തെളിയിക്കുന്നതുമായിരുന്നു. 11-ാം മിനിറ്റില്‍ മുഹമ്മദ് സലയുടെ ഷോട്ട് തലനാരിഴയ്ക്കു പുറത്തേക്കുപോയെങ്കിലും രണ്ടാം ഗോളിനായി ചെമ്പടയ്ക്ക് അധികം കാക്കേണ്ടിവന്നില്ല. 14-ാം മിനിറ്റില്‍ റയാല്‍ ഗോള്‍കീപ്പര്‍ തിബൗത്ത് കോത്‌വയുടെ അമിത ആത്മവിശ്വാസം ഭീമാബദ്ധത്തിനു വഴിതുറന്നു. സ്വന്തം ടീമംഗത്തിന്റെ ബാക്ക്പാസ് കോത്‌വ നെഞ്ചില്‍ സ്വീകരിക്കുമ്പോള്‍ തൊട്ടുമുന്നില്‍ സലയുണ്ടായിരുന്നു. പന്ത് അടിച്ചകറ്റാന്‍ ശ്രമിക്കുന്നതിനിടെ കോത്‌വയ്ക്കു ചുവടുപിഴച്ചു. വലതുകാല്‍മുട്ടില്‍ത്തട്ടിയ പന്തെത്തിയതു സലയ്ക്കുനേരേ. സുവര്‍ണാവസരം മുതലാക്കിയ ഈജിപ്ഷ്യന്‍താരം ലക്ഷ്യംകണ്ടതോടെ ലിവര്‍പൂള്‍ ലീഡ് രണ്ടാക്കി.

പക്ഷേ, അവിടെത്തീര്‍ന്നു ആതിഥേയരുടെ ആഹ്‌ളാദം. 21-ാം മിനിറ്റില്‍ കരിം ബെന്‍സെമയുടെ പാസ് സ്വീകരിച്ച വിനീഷ്യസ് ജൂനിയറിന്റെ തകര്‍പ്പന്‍ഷോട്ട് ആലിസണ്‍ ബാക്കറുടെ മുഴുനീള ഡൈവിലൂടെ തടയാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. സ്‌കോര്‍: 2-1. 36-ാം മിനിറ്റില്‍ കോത്‌വയുടെ പാത പിന്തുടര്‍ന്ന് ബാക്കറുടെ ആനമണ്ടത്തരം റയാലിനെ ഒപ്പമെത്തിച്ചു. വിനീഷ്യസിനെ ലക്ഷ്യമാക്കി പിന്‍നിരയില്‍നിന്നെത്തിയ പന്ത് ഗോമെസ് സുരക്ഷിതമായി ബാക്കറിനു കൈമാറി. നിരുപദ്രവമായ പാസ് ബാക്കര്‍ അടിച്ചകറ്റിയത് ഒപ്പമെത്തിയ വിനീഷ്യസിന്റെ കാലില്‍ത്തട്ടി തലയ്ക്കു മുകളിലൂടെ വലയില്‍ വീണു. ശാപവചസുകളുമായി സ്വയം പഴിച്ച് ബാക്കര്‍ കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ റയാല്‍ താരങ്ങള്‍ ആഹ്‌ളാദത്തിമിര്‍പ്പിലാറാടി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ റയാല്‍ മുന്നിലെത്തി. പെനാല്‍റ്റിബോക്‌സിനു തൊട്ടുപുറത്തുനിന്ന് ലൂക്കാ മോഡ്രിച്ചെടുത്ത ഫ്രികിക്കിനു പ്രതിരോധപ്പൂട്ടുപൊളിച്ച എഡര്‍ മിലിറ്റാവോയുടെ ബുള്ളറ്റ് ഹെഡര്‍ ലിവര്‍പൂളിന്റെ നെഞ്ചകം പിളര്‍ന്ന് വലകുലുക്കി. റയാലിന്റെ മൂന്നാം ഗോളിലേക്കു വഴിതുറന്ന ഫ്രീകിക്ക് സമ്മാനിച്ച ജോ ഗോമെസിനെ ഒരുവട്ടംകൂടി പ്രതിക്കൂട്ടിലാക്കിയാണ് നാലാം ഗോള്‍ പിറന്നത് 55-ാം മിനിറ്റില്‍. കാര്‍വഹാലും റോഡ്രിഗോയും ചേര്‍ന്നു തുടങ്ങിവച്ച നീക്കം കരിം ബെന്‍സെമയിലൂടെ പൂര്‍ണതയിലെത്തി. പോസ്റ്റിലേക്കുള്ള പ്രയാണത്തിനിടെ പന്ത് ഗോമെസിന്റെ തുടയില്‍ത്തട്ടി ദിശതിരിഞ്ഞതോടെ ഗോള്‍കീപ്പര്‍ ബാക്കറുടെ ചാട്ടവും പിഴച്ചു. നാലാം ഗോളോടെ ചെമ്പട തളര്‍ന്നു. അവരുടെ വിവശതയിലേക്ക് ബെന്‍സെമ ഒരുവട്ടംകൂടി നിറയൊഴിച്ചു.
പ്രത്യാക്രമണത്തിനൊടുവില്‍ വിനീഷ്യസില്‍നിന്നു പാസ് സ്വീകരിച്ച് കുതിച്ചെത്തിയ ബെന്‍സെമയെ പ്രതിരോധിക്കാനെത്തിയ ബാക്കറിന് ആദ്യം നിലതെറ്റി. ബോക്‌സിനുമുന്നില്‍ തടയാന്‍ ഓടിയെത്തിയ മൂന്ന് ലിവര്‍പൂള്‍ താരങ്ങളെയും നിഷ്പ്രഭരാക്കി ബെന്‍സെമയുടെ ഇടംകാല്‍ഷോട്ട് ഒരുവട്ടംകൂടി വലകുലുക്കി. സ്വന്തം കോട്ടയിലെ നാണംകെട്ട തോല്‍വി യുര്‍ഗന്‍ ക്ലാപ്പിനും സംഘത്തിനും ആഘാതമായി. 70 വര്‍ഷത്തിനിടെ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ അഞ്ചുഗോള്‍ വഴങ്ങുന്നത് ഇതു മൂന്നാംവട്ടം മാത്രം. ഒരു യൂറോപ്യന്‍ മത്സരത്തില്‍ 1966നു ശേഷം ആദ്യമായും.
മാര്‍ച്ച് 15ന് റയാലിന്റെ സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണാബുവില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ എതിരാളികളെ കീഴപ്പെടുത്താന്‍ ലിവര്‍പൂളിന് ഭഗീരഥപ്രയത്‌നംതന്നെ വേണ്ടിവരും. 15-ാം തവണ യൂറോപ്യന്‍ കിരീടമുയര്‍ത്താനുള്ള യാത്രയില്‍ റയാലിന് ആത്മവിശ്വാസം പകരുന്നതാണ് ആന്‍ഫീല്‍ഡിലെ വിജയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →