ലണ്ടന്‍: ഇന്ത്യയില്‍ ബി.ബി.സിക്കെതിരേ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളോട് പാര്‍ലമെന്റില്‍ പ്രതികരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. സംഭവത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബി.ബി.സിക്കൊപ്പമെന്നു മറുപടി. ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ് (എഫ്.സി.ഡി.ഒ) ജൂനിയര്‍ മന്ത്രിയാണു ജനപ്രതിനിധിസഭയില്‍ ഉന്നയിച്ച അടിയന്തര ചോദ്യത്തിന് മറുപടി നല്‍കിയത്. ആദായനികുതി വകുപ്പിന്റെ ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാരിനു പ്രതികരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, മാധ്യമസ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ശക്തമായ ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”നമ്മള്‍ ബി.ബി.സിയുടെ പക്ഷത്താണ്. നമ്മള്‍ ബി.ബി.സിക്ക് ധനസഹായം നല്‍കുന്നു. ബി.ബി.സി വേള്‍ഡ് സര്‍വീസ് സുപ്രധാനമാണെന്നു കരുതുന്നു. ബി.ബി.സിക്ക് എഡിറ്റോറിയല്‍ സ്വാതന്ത്ര്യം കിട്ടണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു”-എഫ്.സി.ഡി.ഒയുടെ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി ഡേവിഡ് റൂട്ട്‌ലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ബി.ബി.സി. ഞങ്ങളെ (സര്‍ക്കാരിനെ) വിമര്‍ശിക്കുന്നു. അത് (പ്രതിപക്ഷ) ലേബര്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നു. അതിന് ആ സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണെന്നും നമ്മള്‍ കരുതുന്നു. ലോകമെമ്പാടുമുള്ള നമ്മുടെ സുഹൃത്തുക്കളോട് അതിന്റെ പ്രാധാന്യം അറിയിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരിനെ ഉള്‍പ്പെടെ.- റൂട്ട്‌ലി പറഞ്ഞു.
ഇന്ത്യന്‍ ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ഫെബ്രുവരി 14 നാണു പരിശോധന തുടങ്ങിയത്. മൂന്നു ദിവസം പരിശോധന നീണ്ടുനിന്നു. സര്‍വേ എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഈ നടപടിയെ വിശേഷിപ്പിച്ചതും. ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുങ്ക് എന്നീ നാല് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ 12 ഭാഷകളിലുള്ള സേവനങ്ങള്‍ക്ക് എഫ്.സി.ഡി.ഒ ബി.ബി.സിക്കു ധനസഹായം നല്‍കുന്നുണ്ടെന്ന് ബ്രിട്ടീഷ് മന്ത്രി പറഞ്ഞു. ”അത് അങ്ങനെ തന്നെ തുടരും, കാരണം സ്വതന്ത്രമായ ശബ്ദം ബി.ബി.സിയിലൂടെ ലോകമെമ്പാടും കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എം.പി ജിം ഷാനനാണ് ജനപ്രതിനിധിസഭയില്‍ ബി.ബി.സി. റെയ്ഡ് സംബന്ധിച്ച് അടിയന്തര ചോദ്യം ഉന്നയിച്ചത്. ഒരു രാജ്യത്തിന്റെ നേതാവിനെക്കുറിച്ച് അത്ര സുഖകരമല്ലാത്ത ഡോക്യുമെന്ററി പുറത്തിറക്കിയതിനെത്തുടര്‍ന്നുള്ള ബോധപൂര്‍വമായ ഭീഷണിപ്പെടുത്തല്‍ എന്ന നിലയിലാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയെ ഷാനന്‍ മുദ്രകുത്തിയത്. ഈ വിഷയത്തില്‍ പ്രസ്താവന നടത്തുന്നതില്‍ പരാജയപ്പെട്ടതിന് യു.കെ സര്‍ക്കാരിനെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

