പാരീസ്: ചരിത്ര നേട്ടവുമായി സെര്‍ബിയയുടെ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ച്. ഏറ്റവുമധികം ആഴ്ചകള്‍ റാങ്കിങ്ങില്‍ ഒന്നാം നമ്പറില്‍നിന്ന ടെന്നീസ് താരം എന്ന റെക്കോഡാണു ജോക്കോവിച്ച് സ്വന്തമാക്കിയത്. ജര്‍മനിയുടെ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫ് കുറിച്ച റെക്കോഡിനൊപ്പമാണു ജോക്കോ എത്തിയത്.
377 ആഴ്ചകളാണ് ജോക്കോ ഒന്നാം റാങ്കില്‍ തുടര്‍ന്നത്. അടുത്ത ആഴ്ചയോടെ ഈ റെക്കോഡ് ജോക്കോവിച്ച് ഒറ്റയ്ക്ക് സ്വന്തമാക്കും. 35 വയസുകാരനായ ജോക്കോ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയതോടെയാണ് വീണ്ടും ഒന്നാം റാങ്കിലേക്കെത്തിയത്. കിരീടത്തില്‍ മുത്തമിട്ടതോടെ ജോക്കോയുടെ ഗ്രാന്‍ഡ്സ്ലാം നേട്ടം 22 ലെത്തി. റാഫേല്‍ നദാല്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു. ഏഴു തവണയാണു ജോക്കോ ഒന്നാം സ്ഥാനത്തു തിരിച്ചെത്തുന്നത്.
നിലവില്‍ 7070 പോയിന്റാണ് ഒന്നാം റാങ്കിലുള്ള ജോക്കോവിച്ചിനുള്ളത്. 6480 പോയന്റുമായി സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസ് രണ്ടാമതും 5940 പോയന്റ് നേടി ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നോര്‍വേയുടെ കാസ്പര്‍ റൂഡാണു നാലാമന്‍. റഷ്യയുടെ ആന്ദ്രെ റുബലോവ്, റാഫേല്‍ നദാല്‍ എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.
റഷ്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ ഡാനില്‍ മെദ്‌വദേവും റാങ്കിങ്ങില്‍ മുന്നേറി. റോട്ടര്‍ഡാം ഓപ്പണ്‍ ജേതാവായതോടെ മെദ്‌വദേവ് എട്ടാം സ്ഥാനത്തെത്തി.
യു.എസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് ഏഴാമത്. കാനഡയുടെ ഫെലിക്‌സ് ഓഗര്‍ അലിയാസിമെ ഒന്‍പതാമതും ഡെന്‍മാര്‍ക്കിന്റെ ഹോള്‍ഗര്‍ റൂണി പത്താമതുമാണ്. മെദ്‌വദേവിനോടു തോറ്റ ഇറ്റലിയുടെ യാനിക് സിന്നറും റാങ്കിങ്ങില്‍ മുന്നേറി. പുതുക്കിയ റാങ്കിങ് പ്രകാരം 12-ാം സ്ഥാനത്താണു സിന്നര്‍. അര്‍ജന്റീന ഓപ്പണില്‍ ജേതാവായതോടെ അല്‍കാരസ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ റണ്ണര്‍ അപ്പാണു സ്റ്റെഫാനോസ് സിറ്റ്സിപാസ്. പരുക്കേറ്റു പുറത്തിരിക്കുന്ന ജര്‍മനിയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ അലക്‌സാണ്ടര്‍ സ്വരേവ് 16-ാം സ്ഥാനത്താണ്.

