തൃശൂർ: നടൻ മുരളിയുടെ പ്രതിമ നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജ പ്രചാരണമെന്ന് കേരള സംഗീത നാടക അക്കാദമി ഭരണ സമിതി. മുരളിയുടെ വെങ്കല ശില്പമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തൃശൂർ റീജിയണൽ തീയറ്ററിന് മുന്നിൽ 12 വർഷമായുള്ള കരിങ്കൽ ശിൽപമാണ്. അക്കാദമിയുടെ യശസ് കളങ്കപ്പെടുത്തുക എന്ന ഉദ്ദേശമാണ് പ്രചാരണത്തിന് പിന്നിൽ. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി വ്യക്തമാക്കി.
നടന്റെ വെങ്കലപ്രതിമ നിർമിക്കാൻ കരാറേറ്റെടുത്ത ശില്പി വിൽസൺ പൂക്കായി, അക്കാദമിയിൽനിന്ന് മുൻകൂറായി കൈപ്പറ്റിയ 5.70 ലക്ഷം രൂപ എഴുതിത്തള്ളുന്നതിന് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറങ്ങിയിരുന്നു. കെ.പി.എ.സി. ലളിത ചെയർപേഴ്സണും എൻ. രാധാകൃഷ്ണൻ നായർ സെക്രട്ടറിയുമായ അക്കാദമി നിർവാഹകസമിതിയാണ് മുരളിയുടെ വെങ്കലശില്പം നിർമിക്കാൻ തീരുമാനിച്ചത്. സാമൂഹികമാധ്യമങ്ങളിൽ ശില്പി മുൻകൂറായി സ്വീകരിച്ച തുക എഴുതിത്തള്ളിയ വാർത്തയോടൊപ്പം പ്രചരിക്കുന്ന കരിങ്കല്ലിൽ തീർത്ത ശില്പത്തിന്റെ ചിത്രത്തിന് ബന്ധമില്ല.
കരിങ്കൽ ശില്പം 2010-ൽ കവി രാവുണ്ണി സെക്രട്ടറിയായിരുന്ന കാലത്ത് തൃശ്ശൂരിലെ ശില്പി രാജന്റെ അഭ്യർഥനയനുസരിച്ച് അദ്ദേഹം നിർമിച്ചതാണ്. മുരളിയുടെ കഥാപാത്രമായ ലങ്കാലക്ഷ്മിയിലെ രാവണന്റെ ഒരു ഭാവരൂപമായിരുന്നു അത്. ശില്പത്തിന്റെ ശിലാഫലകത്തിൽ രാവണകഥാപാത്രത്തിന്റെ ഭാവരൂപം എന്ന് എന്ന് അന്നുതന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. 12 വർഷമായി ഈ ശില്പം അക്കാദമി തീയറ്ററിന്റെ മുന്നിൽതന്നെയുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.