കേരള സംസ്ഥാന കോ ഓപറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളിൽ 2021-22 അധ്യയന വർഷത്തെ വിദ്യാഭ്യാസ മികവിനുള്ള കാഷ് അവാർഡ് വിതരണം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായ സഹകരണസംഘം ജീവനക്കാരുടെയും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോർഡുകളിലെ ജീവനക്കാരുടെയും മക്കളിൽ 2021-22 അധ്യയന വർഷത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ ജില്ലയിലെ വിദ്യാർഥികൾക്കാണ് ക്യാഷ് അവാർഡ് നൽകിയത്. ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽകുമാർ അധ്യക്ഷനായി.
വെൽഫെയർ ബോർഡിൽ പരമാവധി അംഗങ്ങളെ ചേർക്കുന്നതിന്റെ ഭാഗമായി ബോർഡിൽ പുതുതായി അംഗത്വമെടുക്കുന്നവർക്ക് കുടിശ്ശിക വിഹിതം ഒഴിവാക്കി ആറ് മാസത്തെ സമയപരിധി നിശ്ചയിച്ച് അംഗത്വം നൽകുന്നതിന് നിലവിലുള്ള ബോർഡ് ചട്ടത്തിൽ ഇളവനുവദിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതുപ്രകാരം സഹകരണസംഘം ജീവനക്കാരെ കുടിശ്ശിക വിഹിതം ഒഴിവാക്കി അംഗങ്ങളാക്കുന്നതിനുള്ള മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവഹിച്ചു. മുൻ എംഎൽഎ എംവി ജയരാജൻ മുഖ്യാതിഥിയായി.
ബോർഡ് ഭരണ സമിതി അംഗം സി പ്രഭാകരൻ, റെയ്ഡ്‌കോ ചെയർമാൻ എം സുരേന്ദ്രൻ, കേരളാ ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ, കണ്ണൂർ വി രാമകൃഷ്ണൻ, കണ്ണൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. മുകുന്ദൻ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സുജയ, കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ എം രാജു, കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് കൗൺസിൽ (എഐടിയുസി) ജില്ലാ സെക്രട്ടറി എം. അനിൽകുമാർ, അഡീഷണൽ രജിസ്ട്രാർ അനിത ജേക്കബ് എന്നിവർ സംസാരിച്ചു.

