വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍

അടൂര്‍: വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയില്‍. ഏഴംകുളം വില്ലേജില്‍ ഒഴുകുപാറ, കൊടന്തൂര്‍ കിഴക്കേക്കര വീട്ടില്‍ തങ്കപ്പന്‍ മകന്‍ 42 വയസുള്ള സുനില്‍ കുമാറാണ് പിടിയിലായത്. കഴിഞ്ഞ 17 നു രാവിലെയാണ് അടൂര്‍ ഏഴംകുളം തേപ്പുപാറ ഒഴുകുപാറ ഇസ്മായില്‍ പടിക്കു സമീപം തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) മരിച്ച റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്രവിതരണത്തിനായി എത്തിയ ആളാണ് മൃതദേഹം കണ്ടത്. അന്വേഷണത്തില്‍ മരണം കൊലപാതകം ആണെന്ന് തെളിയുകയായിരുന്നു. ശരീരത്തിലും, കാലിലും ചെറിയ മുറിവുകളും, കമ്പുകൊണ്ടു അടികിട്ടിയ പാടുകളും ഉണ്ടായിരുന്നതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പറും, നാട്ടുകാരും അടൂര്‍ പോലീസില്‍ വിവരം അറിയിച്ചു.

16 നു രാത്രി 11 നു സുനില്‍ കുമാറിനൊപ്പം മണിക്കുട്ടന്‍ പോകുന്നത് കണ്ടതായി പറഞ്ഞിരുന്നു. ഭാര്യയോടും മക്കളോടും വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന മണിക്കുട്ടന്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ കടവരാന്തകളിലും മറ്റുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മണിക്കുട്ടന്‍ അടുത്തകാലത്തായി അടൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതേയുള്ളു. തുടര്‍ന്ന് കല്ലേത്ത് കിഴക്കേതില്‍ ഷെരീഫിന്റെ വീട്ടില്‍ താല്‍കാലികമായി താമസിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മരണപ്പെട്ട മണിയും, സുനിലും തമ്മില്‍ നിരന്തരം മദ്യപാനവും, മറ്റ് കൂട്ടുകെട്ടുകളും ഉണ്ടായിരുന്നു, ഈ മാസം ആദ്യ ആഴ്ച സുനിലിന്റെ വീട്ടില്‍ മദ്യപിക്കുന്നതിനായി എത്തിയ മണി, പന്ത്രണ്ടായിരം രൂപ മോഷ്ടിച്ചുകൊണ്ടു പോയതായി സുനിലിന് സംശയമുണ്ടായിരുന്നു. 16 നു രാത്രി ഷെരീഫിന്റെ വീട്ടില്‍ കിടന്നിരുന്ന മണിയെ വിളിച്ചിറക്കി സുനില്‍ അയാളുടെ വീട്ടിലെത്തിക്കുകയും, അവിടെവച്ച് പൈസയുടെ കാര്യം പറഞ്ഞ് തര്‍ക്കം ഉണ്ടാവുകയും ചെയ്തു സുനില്‍ മണിയെ ക്രൂരമായി മര്‍ദ്ദിക്കുകയും, താഴെയിട്ട് ചവിട്ടുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു മരണമെന്നു പോലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം സുനില്‍ വീട്ടില്‍ നിന്നും പുറത്തെത്തിച്ച് വഴിയരികില്‍ ഇടുകയായിരുന്നു. പിന്നീട് സുനില്‍ വീടും, മുറികളും കഴുകി വൃത്തിയാക്കി. സുനില്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് തുടരന്വേഷണത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുന്‍പ് ജയില്‍ വാസം അനുഭവിച്ചിട്ടുള്ള ആളാണ് പ്രതി, ഇയാള്‍ ഒറ്റക്കാണ് വീട്ടില്‍ താമസം.

ക്രൂര മര്‍ദ്ദനമാണ് മരണപ്പെട്ട മണിക്ക് നേരിടേണ്ടി വന്നതെന്ന് പോലീസ് അറിയിച്ചു. അടൂര്‍ ഡിെവെ.എസ്.പി ആര്‍.ബിനുവിന്റെ മേല്‍ നോട്ടത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ്,.റ്റി.ഡി, അടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ മനീഷ്.എം, ജലാലുദ്ധീന്‍ റാവുത്തര്‍, സുരേഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത്ത്, അനീഷ്.റ്റി.എസ്, സൂരജ് ആര്‍.കുറുപ്പ്, റോബി ഐസക്, അരുണ്‍ ലാല്‍, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →