നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ടില്ല’

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് ലഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബി.ജെ.പിയുമായി നിലനിന്ന തര്‍ക്കത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നു തവണ മേയര്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഡിസംബറില്‍ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ എ.എ.പിക്കാണു കൂടുതല്‍ സീറ്റ് ലഭിച്ചത്. എന്നാല്‍, കൗണ്‍സിലിലേക്ക് ലഫ്.ഗവര്‍ണര്‍ വി.കെ. സക്‌സേന നാമനിര്‍ദേശം ചെയ്ത അംഗങ്ങളെക്കൊണ്ടു കൂടി വോട്ട്‌ചെയ്യിച്ച് മേയര്‍ പദവി പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമമമെന്ന് എ.എ.പി. ആരോപിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചതിനെ എ.എ.പി. അംഗങ്ങള്‍ എതിര്‍ത്തതോടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

മേയറെ തെരഞ്ഞെടുത്തതിനു ശേഷമേ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടത്താവൂവെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
ജനങ്ങളോട് മാപ്പു പറഞ്ഞശേഷം ലഫ്. ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് ആപ്പ് എം.പി. രാഘവ് ഛദ്ദ ആവശ്യപ്പെട്ടു. 15 വര്‍ഷത്തെ ബി.ജെ.പി. ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലെത്തിയത്. എ.എ.പിക്ക് 134 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 104 സീറ്റുകളുമായി ബി.ജെ.പി. രണ്ടാമതെത്തി. കോണ്‍ഗ്രസിന് ഒമ്പതു സീറ്റുകള്‍ മാത്രമാണു ലഭിച്ചത്.
മേയര്‍ തെരഞ്ഞെടുപ്പ് വേഗം നടത്താന്‍ നിര്‍ദേശിക്കണമെന്നും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുമോ എന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് എ.എ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി ഷെല്ലി ഒബ്‌റോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്നലത്തെ സുപ്രീം കോടതി വിധി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവരും അംഗങ്ങളായ ബെഞ്ചാണ് വിധി പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →