തലശേരി: ലഹരിമാഫിയാസംഘത്തെ ചൊദ്യംചെയ്ത സി.പി.എം. പ്രവര്‍ത്തരെ വെട്ടിക്കൊന്ന കേസില്‍ അന്വേഷണസംഘം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.അനിലാണ് കൊലപാതകം നടന്ന് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ. ഖാലിദ് (52), സഹോദരീഭര്‍ത്താവും സി.പി.എം. നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണഹൗസില്‍ പൂവനാഴി ഷമീര്‍(40) എന്നിവരാണു കൊല്ലപ്പെട്ടത്. 2022 നവംബര്‍ 23ന് വൈകിട്ട് നാലോടെയാണ് കൊടുവള്ളി സഹകരണാശുപത്രിക്കു സമീപം ദേശീയപാതയില്‍ വച്ച് വെട്ടേല്‍ക്കുന്നത്. കൂടെയുണ്ടായിരുന്ന നെട്ടൂര്‍ സാറാസില്‍ ഷാനിബി(29)നു പരുക്കേറ്റിരുന്നു. ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലഹരിവില്‍പനയെ ചൊദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ(20) തലേദിവസം ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്‌സണ്‍ എന്നയാള്‍ മര്‍ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരിമാഫിയാസംഘം ഖാലിദ് അടക്കമുള്ളവരെ ആശുപത്രിയില്‍നിന്ന് റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടയില്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിനു വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. അതീവഗുരുതരാവസ്ഥയിലായ ഷമീറിനെ കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരണപ്പെടുന്നത്.
കേസ് പിന്നീട് അന്വേഷിച്ചത് ക്രൈംബ്രാഞ്ചായിരുന്നു. കൊലപാതകം നടന്ന് മൂന്നുമാസത്തിനകമാണ് ഉദ്യോഗസ്ഥര്‍ കോടതയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ ഏഴു പ്രതികളാണുള്ളത്. ഇവരെല്ലാം മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

