ന്യൂയോര്‍ക്ക്: ഹോളിവുഡ് സിനിമകളിലെ ആധുനിക കാലത്തെ ആക്ഷന്‍ നായികമാര്‍ക്ക് വഴിയൊരുക്കിയ നടി റാക്വല്‍ വെല്‍ഷ് (82) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു അന്ത്യം. 1960കളില്‍ ഹോളിവുഡിലെ സെക്‌സ് സിംബലായിരുന്നു റാക്വല്‍. 1966-ല്‍ പുറത്തിറങ്ങിയ വണ്‍ മില്യണ്‍ ഇയേഴ്‌സ് ബി.സി. എന്ന സിനിമയില്‍ ഗുഹാവാസിയായി അഭിനയിച്ചതാണ് അവരുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്.
1960കളിലും 1970 കളിലും ഹോളിവുഡിലെ സൂപ്പര്‍താരമായിരുന്നു. 50 വര്‍ഷം കൊണ്ട് 30 സിനിമകളിലും 50 ടിവി സീരിയലുകളിലും അഭിനയിച്ചു. 1974-ലെ ദ് ത്രീ മസ്‌കറ്റിയേഴ്‌സിലെ അഭിനയത്തിനു ഗോള്‍ഡന്‍ ഗ്ലോബും നേടി.1940-ല്‍ സെപ്റ്റംബര്‍ അഞ്ചിനു ഷിക്കാഗോയിലായിരുന്നു ജനനം. ബൊളീവിയന്‍ എന്‍ജിനീയര്‍ അര്‍മാന്‍ഡോയാണു പിതാവ്. ഏഴ് വയസില്‍ ബാലെ താരമായാണു തുടക്കം. 14-ാം വയസില്‍ മിസ് ഫോട്ടോജനിക് മത്സരത്തില്‍ വിജയിച്ചു. പിന്നീട് മിസ് സാന്‍ ഡിയാഗോയായി. 1959 ല്‍ സഹപാഠിയായിരുന്ന ജെയിംസ് വെല്‍ഷിനെ വിവാഹം ചെയ്തു. തുടര്‍ന്ന് ഒരു ടിവി ചാനലില്‍ കാലാവസ്ഥാ വാര്‍ത്തകളുടെ അവതാരകയായി. പിന്നീട് മോഡലിങ്ങിലൂടെയാണു സിനിമയിലെത്തിയത്. അഭിനയ രംഗത്തുനിന്നു പിന്മാറിയശേഷം അവര്‍ പൊതുഇടങ്ങളില്‍നിന്നും പിന്മാറി. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി പൊതുവേദിയിലെത്തിയത്.

