കാലടി: പനി ബാധിച്ച് അവശനിലയിലായ നാല് വയസുള്ള മകനെയും തോളിലിട്ട് മരുന്നുവാങ്ങാന്‍ മെഡിക്കല്‍ സ്‌റ്റോറിലേക്കു പോയയാളെ മറ്റൂര്‍ ജങ്ഷനില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പോലീസ് തടഞ്ഞു. മരുന്ന് വാങ്ങി ഉടന്‍ പോകാമെന്ന് പലതവണ പറഞ്ഞെങ്കിലും ഗ്രേഡ് എസ്.ഐ സമ്മതിച്ചില്ല. മരുന്ന് കൊടുത്താല്‍ മെഡിക്കല്‍ സ്‌റ്റോര്‍ പൂട്ടിക്കുമെന്നു പറഞ്ഞ് കടയുടമയെയും പോലീസുകാരന്‍ ചീത്ത വിളിച്ചു.
കോട്ടയം തിരുവഞ്ചൂര്‍ ശാന്തിനിലയത്തില്‍ എസ്. ശരത്തിനാണ് ഈ ദുരനുഭവം. ജംഗ്ഷനിലെ മുക്കണഞ്ചേരി മെഡിക്കല്‍ മെഡിക്കല്‍ സ്‌റ്റോറിന് എതിര്‍വശം കാര്‍ നിര്‍ത്തിയതും ഡ്യൂട്ടിക്ക് നിന്നിരുന്ന ഗ്രേഡ് എസ്.ഐ: ജി. സതീഷ് ആക്രോശിച്ചു പാഞ്ഞടുക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറിനാണ് സംഭവം. അവധി ദിവസമായതിനാല്‍ മരുന്നുകടകള്‍ പലതും തുറന്നിട്ടില്ലെന്ന് ശരത് പറഞ്ഞു. പനി കൂടുതലയാതിനാല്‍ കുഞ്ഞിന് അപസ്മാരം വരാന്‍ സാധ്യതയുണ്ടെന്നും പോലീസുകാരനോട് പറഞ്ഞു. എന്നാല്‍, ഗ്രേഡ് എസ്.ഐ വഴങ്ങിയില്ല. മരുന്ന് കൊടുത്താല്‍ മെഡിക്കല്‍ സ്‌റ്റോര്‍ പൂട്ടിക്കുമെന്ന് പറഞ്ഞ് കടയുടമയെയും ചീത്ത വിളിച്ചു. ഇതോടെ സമീപത്തുണ്ടായിരുന്ന ആളുകള്‍ തടിച്ചുകൂടി. വിദേശത്ത് പോകുന്ന ഭാര്യയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചശേഷം തിരിച്ചുപോകുന്നതിനിടെയാണ് മരുന്ന് വാങ്ങാന്‍ ഇറങ്ങിയതെന്ന് മുഖ്യമന്ത്രിക്കു ശരത് നല്‍കിയ പരാതിയില്‍ പറയുന്നു. സഹോദരനും കൂടെയുണ്ടായിരുന്നു.
സംഭവത്തില്‍ പോലീസുകാരനെതിരേ അന്വേഷണം തുടങ്ങി.

