ഭൂചലനം: മരണം കാല്‍ലക്ഷം കടന്നു

അങ്കാറ: തുര്‍ക്കിയെയും സിറിയയെയും പിടിച്ചുലച്ച ഭൂചലനത്തില്‍ മരണം കാല്‍ ലക്ഷം കടന്നു. അതേസമയം, ദുരന്തം നടന്ന് അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ നീക്കിയുള്ള തെരച്ചില്‍ ദുഷ്‌കരമാണ്. നിരവധിപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ അവശേഷിക്കുന്നതായാണ് സംശയം. ഇന്നലെയും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍നിന്ന് ജീവനോടെ ആളുകളെ രക്ഷപ്പെടുത്തി.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ കഹ്‌റാമന്‍മാരസിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മെനെക്‌സെ തബക് എന്ന 70 വയസുകാരിയെ ഇന്നലെ രക്ഷപ്പെടുത്തി. ”ലോകം അവിടെയുണ്ടോ” എന്നായിരുന്നു രക്ഷപ്പെട്ട് പുറത്തെത്തിയപ്പോള്‍ മെനെക്‌സെയുടെ ആദ്യ ചോദ്യമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
തെക്കന്‍ നഗരമായ ഹതേയില്‍, ഭൂകമ്പമുണ്ടായി 123 മണിക്കൂറിന് ശേഷം രണ്ടു വയസുള്ള പെണ്‍കുട്ടിയെയും ജീവനോടെ രക്ഷപ്പെടുത്തി. നിരവധി കുട്ടികളെയും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെയും ഇതുവരെ രക്ഷപ്പെടുത്താനായെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം സജീവമായി തുടരാന്‍ ഇതാണു കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →