അദാനി വിവാദം: സുപ്രീം കോടതിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരിവിപണിയിലെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ സാമ്പത്തിക മേഖലയിലെ റെഗുലേറ്റര്‍മാര്‍ വളരെ അനുഭവപരിചയമുള്ളവരാണെന്നും അദാനി ഗ്രൂപ്പ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ ഇടപെടലുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വിപണി ശരിയായി നിയന്ത്രിക്കപ്പെടണമെന്നും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്നും സോളിസിറ്റര്‍ ജനറലിനോട് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്നുറപ്പാക്കാനുള്ള സംവിധാനം കോടതിക്കുണ്ട്. എന്നാല്‍, നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സെബിയുമായും ധനമന്ത്രാലയവുമായും കൂടിയാലോചിച്ചശേഷം മറുപടി നല്‍കാമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.

ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, രാജ്യത്തെ റെഗുലേറ്റര്‍മാര്‍ വളരെ പരിചയസമ്പന്നരാണെന്നായിരുന്നു നിര്‍മല സീതാരാമന്റെ മറുപടി. സര്‍ക്കാര്‍ കോടതിയില്‍ എന്താണ് പറയുക എന്ന് ഇവിടെ വെളിപ്പെടുത്താനാകില്ല. ഇന്ത്യയിലെ റെഗുലേറ്റര്‍മാര്‍ വളരെ വളരെ പരിചയസമ്പന്നരാണ്, അവര്‍ അവരുടെ മേഖലകളില്‍ വിദഗ്ധരാണ്. റെഗുലേറ്റര്‍മാര്‍ ഈ വിഷയത്തില്‍ പിടിമുറുക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →