തൃശൂർ : പഞ്ചായത്ത് മെമ്പറുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. പി.ആർ. വിഷ്ണുവിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി സി.ജി .ജിംപോളും സംഘവും അറസ്റ്റ് ചെയ്തത്. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ അറസ്റ്റ് ചെയ്തത്.
ചളിങ്ങാട് സ്വദേശി തോട്ടുപറമ്പത്ത് വീട്ടിൽ ഷഹർബാന് വീട് അറ്റകുറ്റപ്പണിക്കായി തുക അനുവദിക്കുന്നതിനായി കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സമീപിച്ചിരുന്നു. ഇയാളിൽ നിന്ന് ആയിരം രൂപയാണ് പി.ആർ. വിഷ്ണു കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ വിവരം ഷഹർബാന്റെ സഹോദരി വാർഡ് മെമ്പർ വി.ബി. ഷെഫീഖിനെ അറിയിക്കുകയായിരുന്നു.
ഷഹർബാന് രണ്ടാം ഗഡു 25000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് എത്തിയ വാർഡ് മെമ്പറോടും വി.ഇ.ഒ ആയിരം രൂപ ആവശ്യപ്പെട്ടു. വാർഡ് മെമ്പർ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരമാണ് ഷഹർബാനൻ തൃശൂർ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സമീപിച്ച ശേഷം പണം നൽകിയത്. അപ്പോഴാണ് വിജിലൻസെത്തി ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടിയത്.