വനം വകുപ്പ് ജനകീയ മുഖം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം : വനം വകുപ്പ് ജനകീയ മുഖം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്നലെകളിൽ കണ്ട വനം ഉദ്യോഗസ്ഥരെയാകില്ല നാളെ കാണുകയെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ. ഇടുക്കിയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട് വനം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ഇടുക്കിയിൽ അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണം നടക്കുന്നതായി മന്ത്രിപറഞ്ഞു. കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് ഗാർഡ് ശക്തിവേലിന്റെ അവിവാഹിതയായ മകൾക്ക് ജോലി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. റേഷൻ കട കാട്ടാന തകർത്ത സാഹചര്യത്തിൽ വീടുകളിൽ റേഷൻ എത്തിക്കാൻ ശ്രമിക്കുമെന്നും ഇതിനായി 2023 ഫെബ്രുവരി 1 ന് ജനപ്രതിനിധികളുടെ യോഗം ഇടുക്കി ജില്ലാ കളക്ടർ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

ശക്തിവേലിന്റെ മകൾക്ക് ജോലി നൽകുന്നതിന് പുറമെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ നിരീക്ഷിച്ച ശേഷം തുടർ നടപടി തീരുമാനിക്കുമെന്നും കാട്ടാനകളുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നുള്ള സംഘം ഇടുക്കിയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ശക്തിവേലിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെങ്കിൽ, കുറ്റക്കാർക്കെതിരെ നടപടി എടുക്കും. സോളാർ ഫെൻസിങ് സ്‌ഥാപിക്കുന്ന നടപടികൾ ഉടൻ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

സർക്കാർ ഭൂമിയിൽ നിന്ന് മരം വെട്ടിയ കേസിൽ അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിനെ തിരിച്ചെടുത്ത സംഭവത്തിൽ വിഷയം പ്രത്യേകമായി പഠിച്ചിട്ടില്ല. സസ്പെൻഷന് ഒരു കാലയളവുണ്ട്. സസ്പെൻഷനിൽ ഇരുന്ന് വെറുതെ ശമ്പളം വാങ്ങണോയെന്ന് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. മണ്ണാർക്കാട് വീണ്ടും പുലിയെ കണ്ട സംഭവത്തിൽ ചോദ്യത്തോട് ഒരു കാട്ടിൽ ഒരു പുലി മാത്രമല്ല ഉണ്ടാവുകയെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →