കൊയിലാണ്ടി: ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുത്താമ്പി പുത്തലത്ത് ലേഖ(42)യാണ് കൊല്ലപ്പെട്ടത്. ലേഖയെ താന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നു വ്യക്തമാക്കി ഭര്‍ത്താവ് രവീന്ദ്രന് (55) കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പോലീസ് വീട്ടിലെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
കൂലിപ്പണിക്കാരനാണ് രവീന്ദ്രന്. കൊഴുക്കല്ലൂര്‍ യു.പി. സ്കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി ഹൃദ്യ മകളാണ്. ലേഖയും രവീന്ദ്രനും ഇന്നലെ രാവിലെ കൊയിലാണ്ടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലെത്തിയിരുന്നു. ഇവരുടെ ജോയിന്റ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ബാങ്കില്‍നിന്നു തന്നെ ഇരുവരും വഴക്കിട്ടിരുന്നുവെന്നു പറയുന്നു. തുടര്‍ന്ന് വീട്ടിലെത്തിയും തര്‍ക്കം തുടര്‍ന്നു. ഇതിനിടെയാണ് രവീന്ദ്രന് ലേഖയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. മകള്‍ ഹൃദ്യ സ്കൂളിലായിരുന്നു.

