ദുബായ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിലനില്‍പ്പ് അസാധ്യമാണെന്നു ബോധപ്പെട്ടതിനു പിന്നാലെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പുതിയ ലാവണങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നത് ചെല്‍സിയും ബയേണ്‍ മ്യൂണിച്ചും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെയും ജര്‍മന്‍ ബുണ്ടസ് ലീഗയിലെയും വമ്പന്മാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തന്റെ ഏജന്റായിരുന്ന യോര്‍ഗെ മെന്‍ഡസിനെ ചട്ടം കെട്ടിയതായും റിപ്പോര്‍ട്ട്. പരിശീലകനായി എറിക് ടെന്‍ ഹാഗ് എത്തിയതോടെയാണ് യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ കഷ്ടകാലം തുടങ്ങിയത്. ടെന്‍ ഹാഗുമായി അഭിപ്രായഭിന്നത രൂക്ഷമായതിനൊപ്പം ആദ്യഇലവനില്‍ ഇടംപിടിക്കാന്‍ കഴിയാതിരുന്നതും താരത്തെ അസ്വസ്ഥനാക്കി. അവസരം ലഭിച്ചപ്പോഴാകട്ടെ യഥാര്‍ഥ നിലവാരത്തിലേക്ക് ഉയരാനും കഴിഞ്ഞില്ല. ഇതോടെ കൂടുമാറ്റം വേഗത്തിലാക്കാന്‍ ഫുട്ബോള്‍ ലോകത്തെ സൂപ്പര്‍ ഏജന്റ് എന്നറിയപ്പെടുന്ന മെന്ഡസിനോടു നിര്‍ദേശിച്ചു. ചെല്‍സി, ബയേണ്‍ ടീമുകളിലേക്കു കൂടുമാറാനായിരുന്നു താല്‍പ്പര്യം. താരത്തിന്റെ ഇംഗിതം മെന്‍ഡസ് ഇരുടീമുകളുടെയും ഉടമകളെയും മാനേജ്മെന്റിനെയും അറിയിച്ചു. ചെല്‍സി ഉടമ ടോഡ് ബോഹ്ലി ആദ്യം നീക്കത്തോടു താല്പര്യം പ്രകടിപ്പിച്ചെങ്കിലും അന്നത്തെ ടീം പരിശീലകന് തോമസ് ടുഷല്‍ എതിര്‍പ്പറിയിച്ചതോടെ നയംമാറ്റി.
ആഭ്യന്തരചര്ച്ചകള്ക്കുശേഷം ബയേണ്‍ സി.ഇ.ഒ: ഒലിവര്‍ കാനും മുഖംതിരിച്ചതോടെ റോണോ വെട്ടിലായി. ഇതിനുപിന്നാലെ ഖത്തറില്‍ ലോകകപ്പിന് പന്തുരുളുന്നതിനു ദിവസങ്ങള്‍ക്കുമുമ്പ് യുണൈറ്റഡ് പരിശീലകന് ടെന്‍ ഹാഗിനും ടീം മാനേജ്മെന്റിനുമെതിരേ തുറന്നടിച്ച് ടീം വിടുകയാണെന്നു താരം വ്യക്തമാക്കി. തന്റെ മനോഗതം നടപ്പാക്കാന്‍ കഴിയാതിരുന്ന ഏജന്റ് യോര്‍ഗെ മെന്ഡസുമായുള്ള കൂട്ടുകെട്ടും മുറിക്കാന്‍ നിര്‍ബന്ധിതനായി. പിന്നീട് ഉറ്റസുഹൃത്ത് റിക്കി റെഗൂഫെയുമായി കൂട്ടുചേര്‍ന്നു നടത്തിയ നീക്കത്തിനൊടുവില്‍ വന്‍തുകയ്ക്ക് സൗദി അറേബ്യന്‍ ടീം അല്‍ നസ്റിലേക്കു ചേക്കേറുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് സ്വപ്നം കണ്ടാണ് റൊണാള്‍ഡോ ചെല്‍സി, ബയേണ്‍ മ്യൂണിക് ടീമുകളിലൊന്നില്‍ ഇടംനേടാന്‍ ശ്രമിക്കുന്നതെന്നു നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ആറാംവട്ടം ബാലണ്‍ ഡി ഓര് പുരസ്കാരമെന്ന നേട്ടത്തിനായി മത്സരിക്കണമെങ്കില്‍ റൊണാള്‍ഡോയ്ക്ക് അത് അനിവാര്യവുമായിരുന്നു.

