അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ഇടതുപക്ഷ സീറ്റ് ധാരണയായി. ഇടതുപക്ഷം 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കുമെന്നു ഇടതു മുന്നണി കണ്‍വീനര്‍ നാരായണ്‍ കര്‍ അറിയിച്ചു. 60 അംഗ നിയമസഭയാണു ത്രിപുരയിലേത്.
ഫെബ്രുവരി 16 നാണ് ഇവിടെ തെരഞ്ഞെടുപ്പ്. ഇടതുപക്ഷത്ത് സി.പി.എം. 43 സീറ്റില്‍ മത്സരിക്കുമെന്നാണു സൂചന. സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക്, സി.പി.ഐ.(എം.എല്‍) എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കും. ഇടതുപക്ഷത്തിനു ലഭിച്ച 47 സീറ്റുകളില്‍ 24 ഇടത്ത് പുതുമുഖങ്ങളെ സ്ഥാനാര്‍ഥികളാക്കും. മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, മുന്‍ ധനമന്ത്രി ഭാനുലാല്‍ സാഹ, മുതിര്‍ന്ന നേതാക്കളായ ബാദല്‍ ചൗധരി, ജസ്ബിര്‍ ത്രിപുര, തപന്‍ ചക്രവര്‍ത്തി, മബസര്‍ അലി എന്നിവര്‍ ഇക്കുറി മത്സരിക്കില്ല. മണിക് സര്‍ക്കാരിന്റെ ധന്‍പുര്‍ സീറ്റില്‍ കൗശിക് ചാന്ദയാകും മത്സരിക്കുക. സി.പി.എമ്മിന്റെ ആറ് സിറ്റിങ് എം.എല്‍.എമാര്‍ക്കാണ് ഇക്കുറി സീറ്റ് നല്‍കിയിരിക്കുന്നത്.