ആദിവാസി ഊരുമൂപ്പനും മകനും ചികിത്സ നിഷേധിച്ചു: ആരോഗ്യമന്ത്രിക്ക് പരാതി

ഒല്ലൂര്‍: പുത്തൂരില്‍ അപകടത്തില്‍ പരുക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ചികിത്സ നിഷേധിച്ചതായി പരാതി. പുത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ഗിരീഷിനെതിരേയാണ് ആരോപണം. മരോട്ടിച്ചാല്‍ വല്ലൂര്‍ ആദിവാസി കോളനിയിലെ മൂപ്പന്‍ രമേഷിനും മകന്‍ വൈഷ്ണവുമാണ് അപകടത്തില്‍പ്പെട്ട് ചികിത്സ തേടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം. രമേശനും മകന്‍ വൈഷ്ണവും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പുത്തൂരില്‍വച്ചാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരെയും പുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

ഡോ. ഗീരീഷായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒ.പി. സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. അര മണിക്കൂര്‍ കാത്തുനിന്നു. തര്‍ക്കമായതോടെ ഡോക്ടര്‍ കാറെടുത്ത് പോയെന്നാണ് ആരോപണം. കാബിനില്‍ത്തന്നെ ഉണ്ടായിരുന്ന ഡോക്ടര്‍ രമേഷിനോട് കയര്‍ത്തു സംസാരിക്കുകയും അവഹേളിക്കുകയും ചെയ്തതായി രമേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.താന്‍ ആദിവാസി കോളനിയിലെ ഊരുമൂപ്പനാണെന്ന് അറിയിച്ചിട്ടും അതൊന്നും ഗൗനിക്കാതെ സഹായങ്ങളൊന്നും നല്‍കരുതെന്ന് ആശുപത്രി ജീവനക്കാരോട് നിര്‍ദേശിച്ചാണത്രേ ഡോക്ടര്‍ സ്ഥലം വിട്ടത്. തുടര്‍ന്ന് വേലൂപ്പാടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയിലെത്തിയാണ് ഇരുവരും ചികിത്സ നേടിയത്.
വല്ലൂര്‍ ആദിവാസി ഊരിലെ മൂപ്പന്‍ കൂടിയാണ് കേരള പോലീസ് അക്കാദമിയില്‍ ജോലിചെയ്യുന്ന രമേശ്. അപകടത്തില്‍ മകന്‍ വൈഷ്ണവിന്റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ വൈഷ്ണവിന് 25ന് പരീക്ഷ തുടങ്ങുകയാണ്. വെട്ടുകാട് നിന്നും പ്രാഥമിക ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മകന്റെ പരീക്ഷ എഴുത്ത് തടസപ്പെടുകയില്ലായിരുന്നെന്ന് രമേഷ് പറയുന്നു. രമേശിന്റെ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കലക്ടര്‍ ഡി.എം.ഒയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →