കാസ്പര്‍ റൂഡിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമില്‍ തോല്‍വി

മെല്‍ബണ്‍: നോര്‍വേയുടെ രണ്ടാം സീഡ് കാസ്പര്‍ റൂഡിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമില്‍ തോല്‍വി. യു.എസിന്റെ ജെന്‍സണ്‍ ബ്രൂക്‌സ്ബിയാണ് രണ്ടാം റൗണ്ടില്‍ റൂഡിനെ അട്ടിമറിച്ചത്. സ്‌കോര്‍: 6-3, 7-5, 6-7 (4), 6-2.
24 വയസുകാരനായ റൂഡ് കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍, യു.എസ്. ഓപ്പണ്‍ ഗ്രാന്‍സ്ലാമുകളില്‍ റണ്ണര്‍ അപ്പായി. ബ്രൂക്‌സ്ബിയുടെ കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണാണ്. റൂഡിന്റെ പോരാട്ടം മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് നീണ്ടു. നാട്ടുകാരനായ ടോമി പോളാണ് താരത്തിന്റെ അടുത്ത എതിരാളി. സ്‌പെയിന്റെ അലഹാന്‍ഡ്രോ ഡാവിഡോവിച് ഫോകിനയെയാണു ടോമി തോല്‍പ്പിച്ചത്. എട്ടാം സീഡ് ടെയ്‌ലര്‍ ഫ്രിറ്റ്‌സും തോല്‍വി നേരിട്ടു.

ഓസ്‌ട്രേലിയയുടെ വൈല്‍ഡ് കാര്‍ഡ് അലക്‌സെയി പോപിറിനാണ് ഫ്രിറ്റ്‌സിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-7 (4-7), 7-6 (7-2), 6-4, 6-7 (6-8), 6-2. റഷ്യയുടെ അഞ്ചാം സീഡ് ആന്ദ്രെ റൂബലേവും മൂന്നാം റൗണ്ടിലെത്തി. ഫിന്‍ലന്‍ഡിന്റെ എമില്‍ റൂസുവൂരിയെയാണു റൂബലേവ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-4, 6-7 (2-7), 6-3. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സാണു റഷ്യന്‍ താരത്തിന്റെ അടുത്ത എതിരാളി. മുന്‍ ചാമ്പ്യന്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടിലെത്തി. പരുക്കിനെ വകവയ്ക്കാതെയാണു ജോക്കോ ഫ്രാന്‍സിന്റെ എന്‍സോ കൗകൗഡിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-1, 6-7 (5-7), 6-2, 6-0.

മെല്‍ബണ്‍ പാര്‍ക്കില്‍ താരത്തിന്റെ തുടര്‍ച്ചയായ 23-ാം ജയമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പത്താം കിരീടമാണു ലക്ഷ്യം. കൈക്കുഴയ്‌ക്കേറ്റ പരുക്കു മൂലം ജോക്കോ ടൈം ഔട്ട് എടുത്തിരുന്നു. എന്‍സോ കൗകൗഡിന്റെ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണാണിത്. ലോക റാങ്കിങ്ങില്‍ 191-ാം സ്ഥാനത്താണ് എന്‍സോ.
ലോക ഒന്നാം നമ്പര്‍ കാര്‍ലോസ് അല്‍കാറസ് പരുക്കു മൂലം പുറത്തിരിക്കുന്നതു ജോക്കോയുടെ സാധ്യത വര്‍ധിപ്പിച്ചു. റാഫേല്‍ നദാല്‍, കാസ്പര്‍ റൂഡ്, ടെയ്‌ലര്‍ ഫ്രിറ്റ്‌സ് എന്നിവര്‍ പുറത്തായതും ജോക്കോയ്ക്ക് അനുകൂലമാണ്. വനിതാ സിംഗിള്‍സില്‍ യു.എസിന്റെ ക്വാളിഫയര്‍ കാതി വോളിനെറ്റ്‌സ് ഒന്‍പതാം സീഡ് വെറോണിക കുദര്‍മെറ്റോവയെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-4, 2-6, 6-2. ലോക 113-ാം റാങ്കുകാരിയാണു കാതി. ചൈനയുടെ സാങ് ഷുയിയോ ക്രൊയേഷ്യയുടെ പെട്രാ മാര്‍റ്റിചോ വോളിനെറ്റ്‌സിനെ മൂന്നാം റൗണ്ടില്‍ നേരിടും. പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായ ലോക രണ്ടാം നമ്പര്‍ സ്‌പെയിന്റെ റാഫേല്‍ നദാലിന് എട്ട് ആഴ്ചത്തെ വിശ്രമം വേണ്ടിവരും.

മക്‌ഡൊണാള്‍ഡാണ് സ്പാനിഷ് താരത്തെ അട്ടിമറിച്ചത്. മത്സരത്തിനിടെ ഇടുപ്പിനു പരുക്കറ്റ നദാല്‍ ചികിത്സയ്ക്കായി ടൈം ഔട്ട് എടുത്തിരുന്നു. മത്സരത്തിനു ശേഷം നടത്തിയ വിശദ വൈദ്യ പരിശോധനയിലാണു താരത്തിനു കായിക ക്ഷമത വീണ്ടെടുക്കാന്‍ എട്ടാഴ്ച വേണ്ടിവരുമെന്ന് ഉറപ്പായത്. വനിതാ താരം സെറീന വില്യംസിന്റെ 23 ഗ്രാന്‍സ്ലാമുകളെന്ന റെക്കോഡിനൊപ്പമെത്താനുള്ള നദാലിന്റെ പോരാട്ടമാണു തുടക്കത്തിലേ അവസാനിച്ചത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഡാനില്‍ മെദ്‌വദേവിനെ തോല്‍പ്പിച്ചതോടെ നദാല്‍ 21-ാം ഗ്രാന്‍സ്ലാം സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണില്‍ ജേതാവായതോടെ 22-ാം ഗ്രാന്‍സ്ലാമും സ്വന്തമായി. 22 ഗ്രാന്‍സ്ലാമുകള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോഡും അതോടെ 36 വയസുകാരനായ നദാല്‍ സ്വന്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →