മലപ്പുറം ജില്ലയിൽ അശ്വമേധം അഞ്ചാം പതിപ്പിന് തുടക്കമായി

കുഷ്ഠരോഗ പ്രതിരോധത്തിന് വളണ്ടിയർമാർ വീടുകളിൽ നേരിട്ടെത്തി ബോധവത്കരണവും പരിശോധനയും നടത്തുന്ന അശ്വമേധം പദ്ധതിയുടെ അഞ്ചാം പതിപ്പിന് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല മെഡിക്കൽ ഓഫീസ് ജീവനക്കാരെ പരിശോധിച്ചുകൊണ്ട് ഡി.എം .ഒ ഡോ.ആർ.രേണുക നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ല ലെപ്രസി ഓഫീസർ ഡോ. നൂന മർജ അധ്യക്ഷത വഹിച്ചു. അസി. ലെപ്രസി ഓഫീസർ വി.കെ.അബ്ദുൽ സത്താർ ക്ലാസെടുത്തു.

ജനുവരി 18 മുതൽ 31 വരെയാണ് ജില്ലയിലെ മുഴുവൻ വീടുകളിലും വളണ്ടിയർ സംഘം സന്ദർശനം നടത്തുക. ഇവർ കുടുംബത്തിലെ രണ്ട് വയസ്സിന് മുകളിലുള്ള മുഴുവൻ അംഗങ്ങളെയും പരിശോധിക്കുകയും ചർമ്മത്തിൽ രോഗം സംശയിക്കുന്ന എന്തെങ്കിലും പാടുകൾ കണ്ടെത്തിയാൽ അവരെ വിദഗ്ധ പരിശോധനകൾക്കായി ശിപാർശ ചെയ്യുകയും ചെയ്യും. അതാത് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് രോഗനിർണയം സാധ്യമായില്ലെങ്കിൽ പ്രത്യേക ത്വക്ക് രോഗവിദഗ്ധരുടെ മേൽനോട്ടത്തിൽ രോഗം നിർണയിക്കും. കുഷ്ഠ രോഗമാണെന്ന് സ്ഥീരീകരിച്ചാൽ സൗജന്യ ചികിത്സ ഉറപ്പാക്കും.

അംഗവൈകല്യത്തോടെയുള്ള രോഗികളുടെ എണ്ണം കുറവാണെങ്കിലും കുഷ്ഠരോഗം ഇപ്പോഴും ജില്ലയിൽ സജീവമാണ്. പ്രതിവർഷം നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ ഏറെയും അതീവ പകർച്ച സാധ്യതയുള്ള ലെപ്രമാറ്റസ് വിഭാഗത്തിൽ പെട്ടവർ യുവജനങ്ങളുമാണ്. ഇവരിലൂടെ നിരവധിയാളുകൾക്ക് രോഗം പകർന്നേക്കും. കുഷ്ഠരോഗം വളരെ സാവധാനം മാത്രം വികാസം പ്രാപിക്കുന്നതിനാൽ വർഷങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ കാണപ്പെടുന്നത്. ജില്ലയിൽ അഞ്ചു വയസ്സ് മുതൽ പ്രായമുള്ളവർ ചികിത്സയിലുണ്ട്.

പ്രത്യേകമായി ഒരു പ്രദേശത്ത് ഒതുങ്ങാതെ ജില്ലയിലെ മുഴുവൻ ആരോഗ്യ ബ്ലോക്കുകളിലും രോഗമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ വീടുകളിലുമെത്തി പരിശോധനക്കായി 9750 വളണ്ടിയർമാർ സജ്ജമാണ്. വീടുകൾക്ക് പുറമെ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി കേന്ദ്രങ്ങൾ, താലക്കാലിക താമസസ്ഥലങ്ങൾ തുടങ്ങിയവിടങ്ങളിലെല്ലാം വളണ്ടിയർമാർ എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →