കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ സ്ഥലം പരിശോധിച്ചു
ഇടുക്കി: മലയാള നാടിന്റെ സാംസ്‌കാരിക തനിമ ഉയർത്തിപ്പിടിക്കുന്നതിനും ഓരോ ദേശത്തിന്റെയും തനത് സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും സാംസ്‌കാരിക സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാൻ ഷാജി എൻ. കരുൺ ഇടുക്കി പാർക്ക് പ്രദേശത്ത് സന്ദർശനം നടത്തി.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് ഇടുക്കി പാർക്കിനോട് ചേർന്ന സ്ഥലം തിയേറ്ററിന് അനുയോജ്യമെന്ന് കണ്ടെത്തി നിർദ്ദേശിച്ചത്. ഇതിന്റെ സാധ്യത നേരിട്ട് മനസ്സിലാക്കാനാണ് ചെയർമാനും പ്രൊജക്റ്റ് മാനേജരും ഇടുക്കിയിലെത്തിയത്. ചെറുതോണി – ഇടുക്കി മെയിൻ റോഡിൽ ഒരു കിലോമീറ്റർ മാറി ആലിൻ ചുവട് ജംഗ്ഷൻ മുതൽ ഇടുക്കി ചപ്പാത്ത് വരെ റോഡ് അരികിൽ ചേർന്നുള്ള ഇടുക്കി ടൂറിസം വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ നിന്നാണ് പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നത്.
ഇവിടെ ഒരു സാംസ്‌കാരിക തീയേറ്റർ യാഥാർത്ഥ്യമാകുന്നതോടെ ഇടുക്കിയുടെ ടൂറിസം, സിനിമ മേഖലകൾ കൂടുതൽ പുരോഗതി കൈവരിക്കും. കൂടാതെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി മാറാൻ ഇടുക്കിയ്ക്ക് കഴിയുമെന്നും ചെയർമാൻ പ്രത്യാശ പ്രകടിപ്പിച്ചു.