മെല്‍ബണ്‍: നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമിന്റെ രണ്ടാം റൗണ്ടില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വി. പുരുഷ സിംഗിള്‍സില്‍ യു.എസ്.എയുടെ മക്കന്‍സി മക്‌ഡൊണാള്‍ഡാണ് സ്പാനിഷ് താരത്തെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ തോല്‍വി. സ്‌കോര്‍: 6-4, 6-4, 7-5.
മത്സരത്തിനിടെ ഇടുപ്പിനു പരുക്കറ്റ നദാല്‍ ചികിത്സയ്ക്കായി ടൈം ഔട്ട് എടുത്തിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഗ്രാന്‍സ്ലാമില്‍ നദാലിന്റെ ഏറ്റവും മോശം പ്രകടനമാണിത്. വനിതാ താരം സെറീന വില്യംസിന്റെ 23 ഗ്രാന്‍സ്ലാമുകളെന്ന റെക്കോഡിനൊപ്പമെത്താനുള്ള നദാലിന്റെ പോരാട്ടമാണു തുടക്കത്തിലേ അവസാനിച്ചത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഡാനില്‍ മെദ്‌വദേവിനെ തോല്‍പ്പിച്ചതോടെ നദാല്‍ 21-ാം ഗ്രാന്‍സ്ലാം സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണില്‍ ജേതാവായതോടെ 22-ാം ഗ്രാന്‍സ്ലാമും സ്വന്തമായി. 22 ഗ്രാന്‍സ്ലാമുകള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോഡും അതോടെ 36 വയസുകാരനായ നദാല്‍ സ്വന്തമാക്കി.
നദാല്‍ പുറത്തായതോടെ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന് ഗ്രാന്‍സ്ലാമുകളുടെ എണ്ണത്തില്‍ ഒപ്പമെത്താനുള്ള അവസരമായി. മക്‌ഡൊണാള്‍ഡിനെതിരേ രണ്ടാം സെറ്റില്‍ ഒരു ബാക്ക്ഹാന്‍ഡ് ഷോട്ടിനു ശ്രമിക്കുമ്പോഴാണു നദാലിന്റെ ഇടതെ ഇടുപ്പിനു പരുക്കേറ്റത്. താരം 6-4, 5-3 പിന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു ടൈം ഔട്ട് വേണ്ടി വന്നത്. വേദന അവഗണിച്ചാണു നദാല്‍ തുടര്‍ന്നു കളിച്ചത്. പരുക്ക് നദാലിന്റെ ബാക്ക്ഹാന്‍ഡ് ഷോട്ടുകളെ പ്രതികൂലമായി ബാധിച്ചു.
പക്ഷേ മൂന്നാം സെറ്റിലും പ്രതിഭ പുറത്തെടുക്കാന്‍ നദാലിനായി. ഒന്നാം സെറ്റില്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ രണ്ട് സെറ്റുകള്‍ക്കു പിന്നിട്ടുനിന്ന ശേഷമാണു നദാല്‍ ജയിച്ചു കിരീടം നേടിയത്. ”മെല്‍ബണിലെ അദ്ഭുതം” ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നദാലിന്റെ ആരാധകര്‍. പരുക്ക് മാനസികമായി തളര്‍ത്തിയെന്നു നദാല്‍ പറഞ്ഞു. 2016 നു ശേഷം ആദ്യമായാണു നദാല്‍ ഏതെങ്കിലും ഗ്രാന്‍സ്ലാമിന്റെ രണ്ടാം റൗണ്ടില്‍ തോറ്റു മടങ്ങുന്നത്. കഴിഞ്ഞ വര്‍ഷവും സൂപ്പര്‍ താരത്തെ പരുക്ക് അലട്ടിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവായതിനു പിന്നാലെ നദാലിന്റെ ഇടുപ്പിനു പരുക്കേറ്റിരുന്നു. വേദന സംഹാരികളുടെ സഹായത്തോടെയാണു നദാല്‍ കരിയറിലെ 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്.
27 വയസുകാരനായ മക്കന്‍സി മക്‌ഡൊണാള്‍ഡിന്റെ കരിയറിലെ ഏറ്റവും മികച്ച ജയമാണിത്. ലോക റാങ്കിങ്ങില്‍ 65-ാം സ്ഥാനക്കാരനുമാണ്. കലിഫോര്‍ണിയയില്‍ ജനിച്ച മക്കന്‍സി മൂന്നാം വയസില്‍ ടെന്നീസ് കളിക്കാന്‍ തുടങ്ങി. ഇതിഹാസ താരം റോസി ബാറീസാണ് റാക്കറ്റ് പിടിക്കാന്‍ പഠിപ്പിച്ചത്. 2013 ലാണ് എ.ടി.പി. ടൂറില്‍ അരങ്ങേറിയത്. 2016 ലെ യു.എസ്. ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി. ഒന്നാം റൗണ്ടില്‍ പുറത്തായെങ്കിലും ശ്രദ്ധിക്കപ്പെട്ടു. 2019 ല്‍ അന്നത്തെ ലോക 10-ാം നമ്പര്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോഡ്രോയെ അട്ടിമറിച്ചു. മൂന്നാം റൗണ്ടില്‍ ഡാലിബോര്‍ ഷ്വബോറോ യോഷിഹിതോ നിഷിയോകയോ മക്കന്‍സിയെ നേരിടും. റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് മൂന്നാം റൗണ്ടിലെത്തി. വെറ്ററന്‍ താരം ജോണ്‍ മില്‍മാനെയാണു മെദ്‌വദേവ് തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-2, 6-2. യു.എസിന്റെ സെബാസ്റ്റിയന്‍ കോര്‍ദയോ ജപ്പാന്റെ യോസുകെ വാറ്റാനുകിയോ മെദ്‌വദേവിനെ അടുത്ത റൗണ്ടില്‍ നേരിടും. വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ എമ്മാ റാഡുകാനുവിന് അടിതെറ്റി. 2021 ലെ യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍ എമ്മയെ കോകോ ഗൗഫ് നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 7-6(4).

