ബീജിങ്: കോവിഡ് വ്യാപനം അതിരൂക്ഷമായ ചൈനയില്‍ രണ്ടോ മൂന്നോ മാസംകൂടി സ്ഥിതി തുടരുമെന്നു വിലയിരുത്തല്‍. ഗ്രാമപ്രദേശങ്ങളില്‍ ഇതു വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധരുടെ മുന്നറിയിപ്പ്. 2023 ജനുവരി 21 ന് ചൈനയില്‍ ചാന്ദ്ര പുതുവത്സരാവധി ആരംഭിക്കും. ഇതേത്തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്നതോടെ മിക്ക പ്രദേശങ്ങളിലും രോഗപ്പകര്‍ച്ചയുടെ നിരക്ക് വര്‍ധിക്കും. ലോകത്തെ ഏറ്റവും വലിയ വാര്‍ഷിക പലായനമെന്നാണ് ചൈനയിലെ ഈ അവധിക്കാലം അറിയപ്പെടുന്നത്. ഏറ്റവും മോശം നിലയിലെത്തിയ കോവിഡ് തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും രാജ്യത്ത് കനത്ത ജാഗ്രത വേണമെന്നും ”ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനി”ലെ മുന്‍ ചീഫ് എപ്പിഡെമിയോളജിസ്റ്റ് സെങ് ഗുവാങ്ങാണു മുന്നറിയിപ്പു നല്‍കിയത്. 2022 നവംബര്‍ അവസാനത്തോടെ രാജ്യത്തുടനീളമുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് കര്‍ശനമായ സീറോ കോവിഡ് നയം ചൈന പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിക്ക പ്രവിശ്യകളിലേക്കും വൈറസ് പടര്‍ന്നത്. വന്‍നഗരങ്ങളില്‍ രോഗവ്യാപനം കുറയ്ക്കുന്നതിനാണ് രാജ്യം ഇതുവരെ മുന്‍ഗണന നല്‍കിയിരുന്നത്.
എന്നാല്‍ ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് സെങ് ഗുവാങ് പറയുന്നു.ചൈനയിലെ ഗ്രാമപ്രദേശങ്ങളിലെ മിക്ക ആളുകള്‍ക്കും നിലവില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമല്ല. ഇത് കോവിഡ് സാഹചര്യത്തെ കൂടുതല്‍ വഷളാക്കാനിടയുണ്ട്. അതേസമയം, ലോകത്തെ ഭൂരിഭാഗം ജനങ്ങളും വൈറസിനൊപ്പം ജീവിക്കാന്‍ തുടങ്ങിയതോടെ ചൈനയും സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ്. സാവധാനത്തിലാണെങ്കിലും വന്‍ നഗരങ്ങളില്‍ ആളുകള്‍ സാമ്പത്തിക മേഖലയില്‍ തിരിച്ചുവരവ് നടത്തിത്തുടങ്ങി. രാജ്യത്തിനകത്തേക്കും പുറത്തേക്കുമായി 13/01/23 വെള്ളിയാഴ്ച മാത്രം ശരാശരി 490,000 യാത്രകള്‍ നടന്നെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യാത്രയിലൂടെ ഉണ്ടാകാവുന്ന അപകടസാധ്യതകളെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണിത്. കോവിഡ് വിവരങ്ങളുടെ പങ്കിടല്‍ സംബന്ധിച്ച്ചൈനയ്ക്കുമേല്‍ ലോകാരോഗ്യ സംഘടന ചോദ്യങ്ങളുയര്‍ത്തുകയും ചെയ്തിരുന്നു.

