സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 16, 17 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തൊഴിൽമേള സംഘടിപ്പിക്കും. തൊഴിൽവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ എംപിമാരായ ശശിതരൂർ, എ.എ റഹീം, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. കലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. 2022 ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിലെ ദേശീയ തലത്തിലെ റാങ്ക് ജേതാക്കളെയും സംസ്ഥാന റാങ്ക് ജേതാക്കളെയും ചടങ്ങിൽ അനുമോദിക്കും. ദത്ത് ഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം, വ്യാവസായിക പരിശീലന വകുപ്പിന്റെ സമ്പൂർണ ഇ-ഓഫീസ് പ്രഖ്യാപനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.