കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം അസംബന്ധം: പി.എം.എ. സലാം

തിരൂരങ്ങാടി: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ഉയര്‍ന്ന ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസ്തുതകളുടെയും പിന്‍ബലം ഇല്ലാത്ത ആരോപണമാണിത്. ഈ കേസില്‍ എവിടെയും ഇല്ലാതിരുന്ന ഒരു വക്കീലിന് സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരം ഒരു ബോധോദയം ഉണ്ടായതുതന്നെ ദുരൂഹമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കാന്‍ എസ്.പി ഇദ്ദേഹത്തെ വിളിച്ചു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അദ്ദേഹം അന്ന് സര്‍ക്കാര്‍ സംവിധാനത്തിലോ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായോ ഉള്ള ഉദ്യോഗസ്ഥനായിരുന്നില്ല. അദ്ദേഹത്തെ വിളിച്ചാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്തെല്ലാം വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന് എസ്.പി. ചോദിച്ചതെന്നു പറഞ്ഞതുതന്നെ അവിശ്വസനീയമാണ്.

ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരേ നിയമനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മുസ്ലിംലീഗിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും കേരള ലോയേഴ്‌സ് ഫോറവും നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍നിന്ന് ഒരിഞ്ചുപോലും പിറകോട്ട് പോവുകയില്ല. ഈ ഗൂഢാലോചനയുടെ പിറകിലുള്ളവരെ വെളിച്ചത്തുകൊണ്ടുവരുന്നത് വരെ മുസ്ലിംലീഗിന് വിശ്രമം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →