തിരൂരങ്ങാടി: നിയന്ത്രണംവിട്ട കാര്‍ ഫ്രൂട്‌സ് കടയിലേക്കു പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം. കരിമ്പില്‍ സ്വദേശി അരീക്കാട്ട് ഇല്ലിക്കല്‍ യൂസുഫിന്റെ മകന്‍ അന്‍സാര്‍ (35) ആണ് മരിച്ചത്. കരിമ്പില്‍ സ്വദേശി മുക്കന്‍ ജംഷീറിന്റെ മുക്കന്‍ ഫ്രൂട്‌സ് കടയിലെ ജീവനക്കാരായിരുന്നു മരണപ്പെട്ട അന്‍സാര്‍.ജുമാ നിസ്‌കാരത്തിനായി കട അടച്ച് പള്ളിയിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു അപകടം. കോട്ടക്കല്‍ ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാറാണ് നിയന്ത്രണംവിട്ട് ഫ്രൂട്ട്‌സ് കടയിലേക്കു പാഞ്ഞുകയറിയത്. കടയിലുണ്ടായിരുന്ന അന്‍സാറിനെയും മറ്റ് രണ്ടു ജീവനക്കാരെയും കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ കടയിലെ മറ്റു ജീവനക്കാരായ കരിപറമ്പ് സ്വദേശി രവി, കുറ്റിപ്പുറം സ്വദേശി ആഷിഖ് (25) എന്നിവര്‍ക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രവിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ആഷിക്കിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ ഉടന്‍ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്‍സാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കരിമ്പില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. കാറിലുണ്ടായിരുന്ന നാലുപേരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അന്‍സാറിന്റെ ഭാര്യ തസ്‌ലീന ഗര്‍ഭിണിയാണ്. മകന്‍: മുഹമ്മദ് റിഷാന്‍. സഹോരങ്ങള്‍: സാദിഖ്, ഷിഫാന. മാതാവ്: റാബിയ. അപകടസ്ഥലം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം
