ജനിതകമാറ്റം വരുത്തിയ വിളകളും അവയുടെ സുരക്ഷിതത്വവും എന്നും വിവാദത്തിലാണ്. രാജ്യത്തെ ശാസ്ത്രസമൂഹത്തിന്റെയും കര്‍ഷകരുടെയും ആശങ്കകളെ പൂര്‍ണമായും അവഗണിച്ച് അതിനിര്‍ണായകമായൊരു കൃഷിപരീക്ഷണത്തിനൊരുങ്ങുകയാണ് കേന്ദ്രഭരണകൂടം.ഇപ്പോള്‍ ജനിതക മാറ്റം വരുത്തിയ കടുക് (ജി.എം കടുക്) വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലുള്ള ജനിറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി (ജി.ഇ.എ.സി) അനുമതി നല്‍കിയിരിക്കുന്നു. 2002ലാണ് ഇന്ത്യയില്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷിക്ക് അനുമതി നല്‍കിയത്. അന്നുമുതല്‍ അതിന്റെ ഗുണങ്ങളെപ്പറ്റിയും ദോഷങ്ങളെ പറ്റിയും ശാസ്ത്രസമൂഹവും പൊതുജനങ്ങളും ചര്‍ച്ചചെയ്യുന്നുണ്ട്. 2002ല്‍ വികസിപ്പിച്ചെടുത്ത ഡി എം എച്ച് 2 ന്റെ ജൈവ സുരക്ഷാ പഠനം 2008ല്‍ ആരംഭിച്ചു, 2016ല്‍, വിവിധ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുമതി നല്‍കുകയും ചെയ്തു. പക്ഷേ, ജൈവസാങ്കേതികവിദ്യാ മേഖലയിലെ ഏതാനും ഗവേഷകരുടെയും കര്‍ഷകസമൂഹത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും കടുത്ത പ്രതിഷേധവും കോടതി ഇടപെടലുമെല്ലാം കാരണം കേന്ദ്രത്തിന് അതില്‍നിന്ന് പിന്‍വാങ്ങേണ്ടിവന്നു. അന്ന് അനുമതി നല്‍കുന്നതിന് ആധാരമായ അതേ റിപ്പോര്‍ട്ടുകളുടെയും ശിപാര്‍ശകളുടെയും പിന്‍ബലത്തിലാണ് വീണ്ടും ജി.ഇ.എ.സിയുടെ അംഗീകാരം.അതിനിടയില്‍ ഒട്ടേറെ ജി എം വിളകള്‍ പരീക്ഷിച്ചും പഠനം നടത്തിയും വികസിപ്പിച്ചു എങ്കിലും ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
എന്താണ് ജി എം വിളകള്‍
ചെടികളുടെ ഡി എന്‍. എയില്‍ ജനിതക സാങ്കേതിക വിദ്യ വഴി മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് വികസിപ്പിച്ചെടുത്ത ഭക്ഷ്യവിളകളെയാണ് ജി എം വിളകള്‍ എന്ന് പറയുന്നത്. സസ്യങ്ങള്‍ക്ക് രോഗം ഉണ്ടാക്കുന്ന രോഗകാരികളില്‍ നിന്നും മറ്റു സസ്യനാശകങ്ങളില്‍ നിന്നും രക്ഷനേടാനുള്ള സ്വയം പ്രതിരോധം ഉണ്ടാക്കുക, സസ്യ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ നമുക്കാവശ്യമുള്ള പോഷകമൂല്യമുയര്‍ത്തുക, കൂടുതല്‍ വിളവ് ഉണ്ടാക്കുക എന്നിവയാണ് ജി എം വിളകള്‍ ഉണ്ടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ജനിതകമാറ്റം വരുത്തിയ ഇന്ത്യന്‍ കടുകിനം
രണ്ടു വ്യത്യസ്ത കടുകിനങ്ങളെ സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്തതാണ് ജി എം കടുക്. ജനിതകമാറ്റം വരുത്തിയ ഇന്ത്യന്‍ കടുകിനം വരുണയും കിഴക്കന്‍ യൂറോപ്പ്യന്‍ ഇനമായ ഏര്‍ ലിഹിരെയും തമ്മില്‍ സങ്കരണം നടത്തിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ധാരാ മസ്റ്റാര്‍ഡ് ഹൈബ്രിഡ് 2 അഥവാ ഡി എം എച്ച് എന്ന പേരിലാണ് ഇത് വിപണിയില്‍ എത്തിക്കുക. ഉത്തരേന്ത്യയിലെ പ്രധാന എണ്ണവിളയാണ് കടുക്.പ്രധാനമായും സ്വയം പരാഗണം നടക്കുന്ന വിളയാണ് കടുക്, അതിനാല്‍ തന്നെ ഇതിന്റെ സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് അത്ര എളുപ്പമല്ല. 1990ല്‍ ബെല്‍ജിയത്തിലെ ശാസ്ത്രജ്ഞര്‍ മണ്ണില്‍ കാണപ്പെടുന്ന ബാസിലസ് അമിലോലിക്ഫാസിയന്‍സ് ബാക്ടീരിയയില്‍ നിന്നും വേര്‍തിരിച്ചെടുത്ത രണ്ട് ജീനുകള്‍ ഉപയോഗിച്ച് കടുകിന്റെ സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുക്കാം എന്ന് കണ്ടെത്തുകയുണ്ടായി. ഇവയില്‍ ബാര്‍ണേസ് , ബാര്‍സ്റ്റാര്‍ എന്നീ ജീനുകള്‍ ഉപയോഗിച്ചാണ് ജി എം കടുക് വികസിപ്പിച്ചെടുത്തത്. മാതൃനിരയായി ഉപയോഗിച്ച വരുണയില്‍ ആണ്‍ സസ്യത്തിന്റെ പ്രത്യുല്പാദനം തടയുന്ന ബാര്‍ണേസ് ജീനും പിതൃനിരയായി ഉപയോഗിച്ച ഇഎച്ച് ഇനത്തില്‍ ആണ്‍ സസ്യത്തിന്റെ പ്രത്യുല്‍പാദനശേഷി വീണ്ടെടുക്കുന്ന ബാര്‍സ്റ്റാര്‍ ജീനും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഈ രണ്ടിനങ്ങളിലും ബാര്‍ എന്ന മൂന്നാമതൊരു ജീന്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കൂട്ടിച്ചേര്‍ക്കപ്പെട്ട ബാര്‍ണേസ് ജീനും ബാര്‍സ്റ്റാര്‍ ജീനും എവിടെയാണെന്ന് കാണിക്കുന്ന മാര്‍ക്കര്‍ ജീനായിട്ടാണ് ബാര്‍ ജീന്‍ ഉപയോഗിച്ചിട്ടുള്ളത്.ഗ്ലുഫോസിനേറ്റ് എന്ന കളനാശിനിയെ പ്രതിരോധിക്കുന്ന ജീനാണ് ബാര്‍ ജീന്‍. ഒരു മാര്‍ക്കര്‍ മാത്രമായിട്ടാണ് ബാര്‍ ജീന്‍ ഉപയോഗിച്ചിരിക്കുന്നത് എങ്കിലും പ്രതിരോധശേഷി പകര്‍ന്നിരിക്കുന്നതിനാല്‍ ഈ കളനാശിനിക്ക് എതിരെ ജി എം കടുകിന് പ്രതിരോധമുണ്ട്. ഇന്ത്യന്‍ കടുകിനങ്ങളും കിഴക്കന്‍ യൂറോപ്പ്യന്‍ ഇനങ്ങളും തമ്മില്‍ സങ്കരണം നടത്തി വികസിപ്പിച്ചെടുക്കുന്ന ഇനങ്ങളില്‍ ഉല്‍പാദനം കൂടുതലായിരിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. 2002 ലാണ് ഡിഎംഎച്ച് 2 വികസിപ്പിച്ചെടുത്തത്. 2008 മുതല്‍ ഇതിന്റെ ജൈവ സുരക്ഷാ പഠനം ആരംഭിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ദീപക് കുമാര്‍ പെന്‍ഡാലും സംഘവുമാണ് ഇത് വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വാദപ്രതിവാദങ്ങള്‍
രാജ്യത്തെ ഭക്ഷ്യ എണ്ണ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ ജി.എം കടുക് സഹായിക്കുമെന്ന് ഐ.സി.എ.ആര്‍ ഡയറക്ടര്‍ അശോക് കുമാര്‍ സിംഗ് പറഞ്ഞു. രാജ്യത്തെ 60ശതമാനം ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. വൈവിധ്യമുള്ളതും ഉയര്‍ന്ന വിളവ് നല്‍കുന്നതുമായ സങ്കരയിനം കടുകുകള്‍ വികസിപ്പിക്കാന്‍ അവസരമൊരുക്കും. മണ്ണിലുള്ള ജീവികള്‍ക്കും പരാഗണ ജീവികള്‍ക്കും വിത്തുകള്‍ വിപരീത ഫലമുണ്ടാക്കില്ലെന്ന് പഠനത്തില്‍ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. അതേസമയം,ജി.എം വിത്ത് കാലക്രമേണ സ്വാഭാവിക കടുക് ഇനങ്ങളെ ഇല്ലാതാക്കുമെന്നും കളനാശിനികളെ പ്രതിരോധിക്കുന്ന ഇവ പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷം ചെയ്യുമെന്നും പരിസ്ഥിതി സംഘടനകള്‍ പറയുന്നു.
കടുക് കഴിക്കുന്ന ഓരോ ഉപഭോക്താവിനും കടുകില്‍ നിന്നുള്ള കളനാശിനിയുടെ അവശിഷ്ടത്താല്‍ ഉണ്ടാകുന്ന നഷ്ടം. കളപറിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കുണ്ടാകുന്ന തൊഴില്‍ നഷ്ടം. തേന്‍ മലിനീകരണപ്പെടുന്നതിനാല്‍ തേനീച്ച കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം. തേനീച്ചകള്‍ ചാകുമ്പോള്‍ വിളവിലുണ്ടാകുന്ന കുറവിലൂടെ കടുകു കര്‍ഷകര്‍ക്ക് വരാവുന്ന നഷ്ടം. ഇവയൊന്നും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
തേനീച്ചകള്‍ക്ക് ഹാനികരമല്ല
ജി.എം. കടുക് വിത്തുകള്‍ തേനീച്ചകള്‍ക്കോ സമാന ജീവികള്‍ക്കോ ഹാനികരമല്ലെന്നാണ് നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് സെക്രട്ടറി കെ.സി. ബന്‍സാല്‍ പറയുന്നത്. ഇവയുടെ പരാഗണത്തിനോ നിലനില്‍പ്പിനോ വിത്തുകള്‍ ഹാനികരമാവില്ല. സമാനവിത്തുകള്‍ കാനഡയില്‍ 1996 മുതല്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇതുവരെയും അത്തരം പ്രശ്‌നങ്ങള്‍ അവിടെ റിപ്പോര്‍ട്ടുചെയ്തിട്ടില്ലെന്ന് ബന്‍സാല്‍ പറഞ്ഞു.

