കോതമംഗലത്ത് പുതിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍

കോതമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആധുനിക നിലവാരത്തിലുള്ള പുതിയ ബസ് ടെര്‍മിനല്‍ വരുന്നു. ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായി 2 കോടി 50 ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ആന്റണി ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക ചെലവഴിക്കുന്നത്.

രണ്ട് നിലകളിലായി 10000 ചതുരശ്ര അടി വലുപ്പത്തിലാണ് ടെര്‍മിനല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 6000 ചതുരശ്ര അടിയിൽ ഒരുക്കുന്ന താഴത്തെ നിലയില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ കാര്യാലയം, അന്വേഷണ കേന്ദ്രം, യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം, പുരുഷ – വനിത ജീവനക്കാര്‍ക്ക് വേണ്ടി പ്രത്യേക വിശ്രമ കേന്ദ്രം എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക. 4000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന മുകളിലെ നിലയിൽ ആധുനിക രീതിയിലുള്ള ഓഫീസ്, ടോയ്‌ലറ്റ് ബ്ലോക്ക്, വാഷ് ഏരിയ അടക്കമുള്ള സൗകര്യങ്ങളും ക്രമീകരിക്കും.

കെട്ടിടത്തിനു മുൻപിലായി നിര്‍മ്മിക്കുന്ന ആധുനിക ബസ് ബേയോട് അനുബന്ധിച്ച് 100 ചതുരശ്ര മീറ്ററില്‍ പാര്‍ക്കിങ്ങിനായി ഇന്റര്‍ ലോക്ക്  ടൈൽസ് വിരിച്ച് ബസ് യാഡും നിര്‍മ്മിക്കും. അതോടൊപ്പം നിര്‍ദ്ദിഷ്ട കെട്ടിടത്തിന്റെ പിന്‍വശത്തായി സംരക്ഷണ ഭിത്തിയും തീർക്കും.

കോതമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനമാണ് സാധ്യമാകുന്നതെന്നും സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →