ന്യൂയോര്‍ക്ക്: റാപ്പര്‍ കെന്യേ വെസ്റ്റും റിയാലിറ്റിതാരം കിം കര്‍ദാഷ്യാനും വിവാഹമോചന ഒത്തുതീര്‍പ്പിലെത്തിയതായി. കരാര്‍ പ്രകാരം കര്‍ദാഷ്യാനു കന്യേ വെസ്റ്റ് പ്രതിമാസം 200,000 ഡോളര്‍(ഏകദേശം 1.6 കോടി രൂപ) നല്‍കണം.കഴിഞ്ഞ വര്‍ഷം കെന്യേ വെസ്റ്റ് തന്റെ പേര് യെ എന്ന് നിയമപരമായി മാറ്റിയിരുന്നു. യെയും കര്‍ദാഷിയാനും നാല് കുട്ടികളാണുള്ളത്. നോര്‍ത്ത്, സെന്റ്, ചിക്കാഗോ, സാം എന്നിങ്ങനെ നാലുപേര്‍. കുട്ടികളുടെ സംരക്ഷണം ഇരുവരും പങ്കിടുകയായിരുന്നു.
2014 ല്‍ ഇറ്റലിയിലായിരുന്നു ഇരുവരുടെയും ആഡംബര വിവാഹം. എന്നാല്‍, അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കിം വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഒത്തുതീര്‍പ്പ് പ്രകാരം, എല്ലാ മാസവും ആദ്യ ദിവസം കിമ്മിന്റെ അക്കൗണ്ടില്‍ യെ തുക നിക്ഷേപിക്കും. കുട്ടികളുടെ മെഡിക്കല്‍, വിദ്യാഭ്യാസ, സുരക്ഷാ ചെലവുകളുടെ പകുതിയും അദ്ദേഹം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.കുട്ടികളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ മധ്യസ്ഥതയില്‍ പരിഹരിക്കാന്‍ യെയും കിമ്മും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും കക്ഷി പങ്കെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍, തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ മറ്റേയാളെ ഡിഫോള്‍ട്ടായി അനുവദിക്കുമെന്നും ഔട്ട്ലെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈവാഹിക നില മാറ്റാനുള്ള കിമ്മിന്റെ അപേക്ഷ കോടതി അംഗീകരിച്ചതിനെത്തുടര്‍ന്ന് നിയമപരമായി അവര്‍ അവിവാഹിതയായി.
തുടര്‍ന്ന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് വിവാഹമോചന ഒത്തുതീര്‍പ്പ്.2012-ലാണു കിമ്മും യെയും ഒന്നിച്ചത്. രണ്ട് വര്‍ഷത്തിനു ശേഷം, മൂത്ത മകള്‍ നോര്‍ത്ത് ജനിച്ചു മാസങ്ങള്‍ക്ക് ശേഷം വിവാഹിതരായി.യു.എസ്. പ്രസിഡന്റാകാനുള്ള കെന്യേ വെസ്റ്റിന്റെ വിവാദശ്രമത്തോടെയാണ് 2020- ല്‍ ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകള്‍ മറനീക്കിയത്. പ്രചാരണ വേളയില്‍, അവരുടെ വിവാഹത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തി. കിമ്മാകട്ടെ, കെന്യേ വെസ്റ്റിന്റെ െബെപോളാര്‍ ഡിസോര്‍ഡറിനെക്കുറിച്ചു പൊതുജനമധ്യേ പ്രസ്താവന നടത്തി. ആരാധകരോട് ”കരുണ” അഭ്യര്‍ഥിക്കുകയും ചെയ്തു. ബന്ധം വഷളായതോടെ 2021-ല്‍ ആണ് റിയാലിറ്റി ടെലിവിഷന്‍ താരം പിന്നീട് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.