ഖത്തര്‍ ഫുട്‌ബോള്‍ ലോകകകപ്പില്‍ ദക്ഷിണ കൊറിയയെ 3-2 ന് തോല്‍പ്പിച്ച് ഘാന. 28/11/2022 നടന്ന ആദ്യ മത്സരത്തില്‍ സെര്‍ബിയയും കാമറൂണും 3-3 ന് സമനിലയില്‍ പിരിഞ്ഞു. എച്ച് ഗ്രൂപ്പില്‍ 2 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഘാനക്ക് മൂന്ന് പോയിന്റും ദക്ഷിണ കൊറിയക്ക് ഒരു പോയിന്റുമാണ്. കൊറിയ അവസാന മത്സരത്തില്‍ പോര്‍ചുഗലിനെയും ഘാന യുറുഗ്വേയും നേരിടും. ഒരു പോയിന്റ് മാത്രമുള്ള കൊറിയ നോക്കൗട്ടില്‍ കടക്കില്ലെന്ന് ഉറപ്പായി.
മുഹമ്മദ് കുദുസിന്റെ ഇരട്ട ഗോളുകളാണ് ഘാനയെ ജയിപ്പിച്ചത്. മുഹമ്മദ് സാലിസു ഒരു ഗോളുമടിച്ചു. കൊറിയയ്ക്കു വേണ്ടി ചോ ഗു സുങ് ഇരട്ട ഗോളുകളടിച്ചു. എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ഘാന മുന്നിലെത്തി. ജോര്‍ദന്‍ ആയു എടുത്ത ഒരു ഫ്രീ കിക്ക് കൊറിയന്‍ പെനാല്‍റ്റി ബോക്‌സില്‍ ആശയക്കുഴപ്പമുണ്ടാക്കി. പന്ത് ക്ലിയര്‍ ചെയ്യാന്‍ കൊറിയന്‍ താരങ്ങള്‍ ബദ്ധപ്പെടുന്നതിനിടെ സാലിസു ഗോളടിച്ചു. പത്ത് മിനിറ്റുകള്‍ക്കു ശേഷം മുഹമ്മദ് കുദൂസിലൂടെ ഘാന വീണ്ടും ഗോളടിച്ചു. ഈ ഗോളും അയുവിന്റെ ക്രോസില്‍ നിന്നായിരുന്നു.