കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി 253 പേര്‍ കൂടി സര്‍വീസിലേക്ക്. പാസിങ് ഔട്ട് പരേഡ് 26/11/2022 നടന്ന ഇവരില്‍ ബിടെക് ബിരുദം നേടിയ 114 പേരുമുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ്, മഡഗാസ്‌കര്‍, മൗറീഷ്യസ്, മ്യാന്‍മാര്‍, സീഷെല്‍സ്, ടാന്‍സാനിയ എന്നീ വിദേശരാജ്യങ്ങളിലെ 16 ഓഫീസര്‍ കേഡറ്റുകളുമുണ്ട്. പാസിങ് ഔട്ട് പരേഡില്‍ സിഐഎസ്‌സി തലവന്‍ എയര്‍ മാര്‍ഷല്‍ ബലഭദ്ര രാധാകൃഷ്ണ സല്യൂട്ട് സ്വീകരിച്ചു. ഭീകരവാദം, വെറുപ്പിന്റെ പ്രത്യയശാസ്ത്രം, പൈറസി തുടങ്ങി നമ്മുടെ നൂറ്റാണ്ട് നേരിടുന്ന പരമ്പരാഗതവും അല്ലാത്തതുമായ എല്ലാ ഭീഷണികളേയും നേരിടാന്‍ തയാറാവണമെന്ന് പരേഡ് പരിശോധിച്ച ശേഷം നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ട്രെയിനികള്‍ക്കുള്ള അവാര്‍ഡുകള്‍ അദ്ദേഹം സമ്മാനിച്ചു. പ്രസിഡന്റിന്റെ സ്വര്‍ണ മെഡല്‍ ബിടെക് ബാച്ചിലെ അനിവേശ് സിങ് പരിഹാര്‍ ഏറ്റുവാങ്ങി. വെള്ളി മെഡല്‍ മനോജ് കുമാര്‍, വെങ്കല മെഡല്‍ വിശ്വജിത് വിജയ് പാട്ടീല്‍ എന്നിവരും നേവല്‍ ഓറിയന്റേഷന്‍ ബാച്ച് സ്വര്‍ണ മെഡല്‍ ഗൗരവ് റാവു, വെള്ളി മെഡല്‍ രാഘവ് സരീന്‍, വെങ്കല മെഡല്‍ ആരോണ്‍ അജിത് ജോണ്‍ എന്നിവര്‍ക്കും സമ്മാനിച്ചു.
103ാമത് ഇന്ത്യന്‍ നേവല്‍ അക്കാദമി കോഴ്‌സ്, 32, 33, 34, 36 നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് (റെഗുലര്‍, എക്‌സ്‌റ്റൈന്‍ഡഡ്-ജിഎസ്ഇഎസ്, എക്‌സ്‌റ്റെന്‍ഡഡ്-എസ്എസ്‌സി) എന്നിവയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. 35 പേര്‍ വനിതാ കേഡറ്റുകളാണ്. 18 പേര്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ ഓഫീസര്‍ കേഡറ്റുകളാണ്. ഇതിനകം 77 സുഹൃദ് വിദേശ രാജ്യങ്ങളിലെ കേഡറ്റുകള്‍ക്ക് ഇന്ത്യന്‍ നാവിക അക്കാദമിയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. നാവിക അക്കാദമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ പുനീത്കുമാര്‍ ബാല്‍, വൈസ് അഡ്മിറല്‍ സൂരജ് ഭേരി, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, പ്രിന്‍സിപ്പല്‍ റിയര്‍ അഡ്മിറല്‍ രാജ്‌വീര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥികളായി. 25/11/2022 വെള്ളിയാഴ്ച നടന്ന ബിരുദദാന ചടങ്ങില്‍ ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ട്രോഫികള്‍ ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെസ്സി തോമസ് സമ്മാനിച്ചു.