ചുരുങ്ങിയ ചെലവിൽ ഊർജം ഉത്പാദിപ്പിക്കാൻ കഴിയുന്നവർ ലോകത്തിന്റെ നേതൃത്വം വഹിക്കുമെന്നും കേരളം ഊർജോത്പാദനത്തിലെ പുതുവഴികൾ തേടണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. കൊച്ചി ബോൾഗാട്ടി പാലസിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുസ്ഥിര ഭാവിക്ക് ഗ്രീൻ ഹൈഡ്രജൻ – ത്രിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ ചെലവിൽ ഊർജം ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ കേരളത്തിന് വികസനത്തിൽ ഇനിയും ഏറെ മുന്നേറാനാകും. കേരളത്തിന്റെ തീരദേശത്ത് ലഭ്യമാകുന്ന കരിമണലിൽ നിന്ന് ലഭിക്കുന്ന തോറിയം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ഇതേക്കുറിച്ച് ഈ മേഖലയിലെ വിദഗ്ധർ ഗൗരവമായി ചിന്തിക്കണം. ഹൈഡ്രോ പ്രൊജക്ടുകൾക്കും കേരളത്തിൽ വലിയ ഭാവിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
പുനരുപയോഗ ഊർജവും ഹൈഡ്രജനും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കപ്പലായ എനർജി ഒബ്സർവർ കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്നതിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
ലോകപര്യടനത്തിന്റെ ഭാഗമായി കപ്പലിന്റെ 75-ാമത് സ്റ്റോപ്പ് ഓവറാണ് കൊച്ചിയിലേത്. ഇന്തോനേഷ്യയിലെ ലങ്കാവിയിൽ നിന്ന് യാത്ര ആരംഭിച്ച കപ്പൽ സിംഗപ്പൂർ, വിയറ്റ്നാം, തായ്ലന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെ 17 ദിവസത്തെ കപ്പൽ യാത്രയ്ക്ക് ശേഷമാണ് കൊച്ചിയിലെത്തിയത്. കപ്പലിൽ മന്ത്രി കെ. കൃഷ്ണൻ കുട്ടി സന്ദർശനം നടത്തി. കെ.ജെ. മാക്സി എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.
ഗ്രീൻ ഹൈഡ്രജൻ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും. ഹൈഡ്രജന്റെ വികസനവുമായി ബന്ധപെട്ട് പ്രവർത്തിക്കുന്ന വ്യവസായികൾ, അക്കാദമിക് വിദഗ്ധർ, സ്ഥാപനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് കോൺസുൽ ജനറൽ ലിസി താൽ ബോട്ട് ബാരെ, എനർജി ഒബ്സർവറിന്റെ ക്യാപ്റ്റനും ചെയർമാനുമായ വിക്ടോറിയൻ എറുസാഡ്, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ, രജിസ്ട്രാർ ബി.വി. സുഭാഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.