തൃശൂർ ഇലക്ട്രിക്കൽ സർക്കിളിലെ ഈസ്റ്റ് ഡിവിഷന് കീഴിലുള്ള അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസും ഇനി പുതിയ കെട്ടിടത്തിൽ. പുല്ലഴി 110 കെ വി സബ്സ്റ്റേഷന്റെ എതിർവശത്ത് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം.
1957ൽ രൂപീകൃതമായത് മുതൽ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കോർപ്പറേഷനിലെ 13 ഡിവിഷനുകൾ ഈ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്നു. കലക്ട്രേറ്റ്, വിവിധ കോടതികൾ, ജില്ലാ പഞ്ചായത്ത് ഓഫീസ് തുടങ്ങി സർക്കാർ ഓഫീസുകളും വ്യവസായ-വാണിജ്യ-പാർപ്പിട സമുച്ചയങ്ങളും വിശാലമായ കോൾപടവുകളുമടക്കം 21 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയുള്ള അയ്യന്തോൾ ഇലക്ട്രിക്കൽ സെക്ഷനിൽ 21800 ഉപഭോക്താക്കളാണുള്ളത്.
77 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 225.4 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളിലായാണ് ഓഫീസ് മന്ദിരം. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ സെക്ഷൻ ഓഫീസിന്റെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് കെട്ടിടം സജ്ജീകരിച്ചിട്ടുള്ളത്.
കെട്ടിടത്തിന്റെ ഉദ്ഘാടനം നവം.21 ന് ഉച്ചയ്ക്ക് 2.30ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്, ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കോർപ്പറേഷൻ കൗൺസിലർമാർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.