തൃശൂര്‍: തിരുവനന്തപുരം കോര്‍പറേഷനു പിന്നാലെ, അനധികൃതനിയമനം ആരോപിച്ച് തൃശൂര്‍ കോര്‍പറേഷനിലും സംഘര്‍ഷം. കോഴിക്കോട് കോര്‍പറേഷനില്‍ അനധികൃത താത്കാലിക നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു യു.ഡി.എഫ്. നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. തൃശൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ കോര്‍പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസുമായി ഉന്തുംതള്ളുമുണ്ടായി.
തൃശൂര്‍ കോര്‍പറേഷനിലെ െവെദ്യുതി വിഭാഗത്തില്‍ സി.പി.എം. പട്ടികയില്‍നിന്ന് 200 പേര്‍ക്കു താത്കാലിക നിയമനം നല്‍കിയെന്നാണ് ആരോപണം. പ്രതിഷേധത്തിനിടെ പോലീസ് പ്രതിരോധം മറികടന്ന കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസിനു മുന്നിലേക്ക് ഇരച്ചെത്തി. ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നുണ്ടായ സംഘര്‍ഷം അരമണിക്കൂറിലേറെ നീണ്ടു. തുടര്‍ന്ന്, കൂടുതല്‍ പോലീസെത്തി പ്രതിപക്ഷ നേതാവ് രാജന്‍ ജെ. പല്ലന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. വനിതാ കൗണ്‍സിലര്‍മാരെയും ബലപ്രയോഗത്തിലൂടെയാണു നീക്കിയത്.
കോഴിക്കോട് കോര്‍പറേഷനില്‍ അനധികൃതനിയമനമെന്ന പ്രതിപക്ഷാരോപണം അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടിയാണു മേയര്‍ ബീന ഫിലിപ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. നിലവില്‍ 95 കരാര്‍ ജീവനക്കാരാണുള്ളതെന്നും 29 ദിവസവേതനക്കാരുണ്ടെന്നും മേയര്‍ പറഞ്ഞു. എന്നാല്‍, താത്കാലിക നിയമനങ്ങള്‍ നടത്തിയെന്നു സമ്മതിക്കുന്ന മേയര്‍ അവ റദ്ദാക്കാന്‍ തയാറാകണമെന്നു പ്രതിപക്ഷനേതാവ് മൊയ്തീന്‍ കോയ ആവശ്യപ്പെട്ടു.

