ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനും കൂടുതൽ പഠനങ്ങൾ നടത്താനും സ്വകാര്യ കമ്പനികളടക്കം കുതിച്ചുചാട്ടം നടത്തുന്ന കാലമാണിത്. ഉപഗ്രഹങ്ങൾ വഴി ഇന്റര്‍നെറ്റ് നല്‍കാനായി പ്രവര്‍ത്തിക്കുന്ന ഇലോൺ മസ്കിന്റെ സ്റ്റാര്‍ലിങ്ക് കമ്പനിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഇപ്പോഴിതാ ഇന്ത്യയിൽ നിന്നും അത്തരത്തിൽ ഒരു സ്വകാര്യ കമ്പനി ഒരു പുതിയ തുടക്കത്തിനായി ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ സ്വകാര്യ റോക്കറ്റ് – “വിക്രം എസ്” വിക്ഷേപണം ഏതാനും ദിവസത്തിനുള്ളിൽ നടക്കാൻ പോവുകയാണ്. ‘പ്രരംഭ്’- എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് എന്ന ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി ആണ് വികസിപ്പിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 2022 നവംബർ 12നും 16നും ഇടയിലായിരിക്കും വിക്ഷേപണം. ഒരു സ്വകാര്യ കമ്പനിയുടെ ദൗത്യമാണെങ്കിലും ഇൻസ്പെസ് വഴിയുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ശ്രീഹരിക്കോട്ട ഈ സൗണ്ടിംഗ് റോക്കറ്റ് പരീക്ഷണത്തിനായി വിട്ടു നൽകുന്നത്. ഈ ദൗത്യത്തിലൂടെ, സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്, ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി മാറും, ബഹിരാകാശ രംഗത്ത് ഇന്ത്യയിൽ പുതിയ വിപ്ലവത്തിന് ഇതൊരു തുടക്കമാണെന്നാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ അഭിലാഷ് പറഞ്ഞത്.
പവൻ കുമാർ ചന്ദന, ഭരത് ഡാക എന്നീ യുവാക്കളാണ് സ്കൈറൂട്ടിന്റെ പിന്നിൽ. കൂടെ ഐഎസ്ആർഒയിൽ നിന്ന് വിരമിച്ച ഒരു കൂട്ടം ശാസ്ത്രജ്ഞരും ഉണ്ട്. 3 ചെറിയ വാഹനങ്ങളാണ് വിക്രം എന്ന പേരിൽ സ്കൈറൂട്ട് വികസിപ്പിച്ചിട്ടുള്ളത്. 290 കിലോ ഭാരം 500 കി.മി ഉയരത്തിൽ സൺ സിക്രണസ് പോളാർ ഓർബിറ്റിൽ എത്തിക്കാൻ കെൽപ്പുള്ള വിക്രം 1, 400 കിലോ ഭാരം 500 കി.മി ഉയരത്തിൽ എത്തിക്കാൻ കെൽപ്പുള്ള വിക്രം 2, 560 കിലോ ഭാരം 500 കി.മി ഉയരത്തിൽ എത്തിക്കാൻ കെൽപ്പുള്ള വിക്രം 3 എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് വിക്രം എന്ന പേര് നൽകിയിട്ടുള്ളത്. സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും ബഹിരാകാശത്തു എന്തൊക്കെ പരീക്ഷണം നടത്താൻ സാധിക്കുമെന്ന് അറിയുകയും ആണ് ഈ ദൗത്യത്തിന്റെ മറ്റൊരു ലക്ഷ്യം.
2018ൽ പ്രവർത്തനം തുടങ്ങിയ സ്കൈറൂട്ട് 2020ൽ തന്നെ ആദ്യ റോക്കറ്റ് എഞ്ചിൻ യാഥാർത്ഥ്യമാക്കി. ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്നതായിരുന്നു ആദ്യ എഞ്ചിൻ. 2020 ഡിസംബറിൽ ആണ് സ്കൈറൂട് ആദ്യ സോളിഡ് ഇന്ധന റോക്കറ്റ് എൻജിൻ വികസിപ്പിച്ച് യാഥാർത്ഥ്യമാക്കിയത്. 2021 അവസാനത്തോടെ ത്രീഡി പ്രിന്റിംഗ് വഴി നിർമ്മിച്ച ക്രയോജനിക് എഞ്ചിനും സ്കൈറൂട്ട് യാഥാർത്ഥ്യമാക്കി. അധികം വൈകാതെ തന്നെ സ്വന്തം റോക്കറ്റിൽ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സ്കൈറൂട്ടിന് ആദ്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം നിർണായകമാണ്. ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണ സേവനങ്ങൾ വഴി ബഹിരാകാശ വിമാനങ്ങൾ താങ്ങാനാവുന്നതും വിശ്വസനീയവും എല്ലാവർക്കുമായി കിട്ടുന്ന രീതിയിലും മുന്നോട്ട് പോകാനാണ് അധികൃതർ ശ്രമിക്കുന്നത്.
ബഹിരാകാശത്തേക്ക് പറക്കാൻ കാത്തിരിക്കുന്ന സ്കൈറൂട് പോലെ ഉള്ള വേറെയും സ്വകാര്യ കമ്പനികൾ ഉണ്ട്. മറ്റൊരു ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുലിന്റെ സെമിക്രയോജനിക് എഞ്ചിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. തിരുവനന്തപുരം വിഎസ്‍എസ്‍സിയിൽ വച്ചായിരുന്നു അഗ്നിലെറ്റ് എന്ന പുതിയ റോക്കറ്റ് എഞ്ചിൻ പരീക്ഷണം. ഭാവിയിൽ ഇനിയും പരീക്ഷണം നടന്നേക്കാമെന്നും റിപ്പോർട്ടുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.