ഇന്ത്യയിൽ സ്വകാര്യ ബഹിരാകാശ വിക്ഷേപണങ്ങൾക്ക് തുടക്കമാവുന്നു

ഹൈദരാബാദ്: ഇന്ത്യയിൽ ആദ്യമായി സ്വകാര്യസ്ഥാപനം വികസിപ്പിച്ച വിക്ഷേപണ വാഹനം ആദ്യ വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈറൂട്ടിന്റെ വിക്രം-എസ് റോക്കറ്റാണ് വിക്ഷേപണത്തിനായി ഒരുങ്ങിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് 2022 നവംബർ 12-നും 16-നും ഇടയ്ക്കുള്ള ദിവസമായിരിക്കും വിക്ഷേപണം. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപണങ്ങളുടെ തുടക്കമാവും ഇത്. പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിൽ മൂന്ന് ഉപഗ്രഹങ്ങളാണ് വിക്രം-എസ് റോക്കറ്റ് വഹിക്കുക.

കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ് വിക്ഷേപണത്തിനുള്ള അന്തിമ തീയ്യതി നിശ്ചയിക്കുക. ഒരൊറ്റ സ്റ്റേജുള്ള സബ്-ഓർബിറ്റൽ വിക്ഷേപണ വാഹനമാണ് വിക്രം-എസ്. വിക്രം സീരീസ് വിക്ഷേപണ വാഹനങ്ങളിലെ സാങ്കേതികവിദ്യയെ വിലയിരുത്താൻ ഈ വിക്ഷേപണത്തിലൂടെ സാധിക്കുമെന്ന് സ്‌കൈറൂട്ട് സഹസ്ഥാപകനും സിഇഒയുമായ നാഗ ഭാരത് ദാക്ക പറഞ്ഞു.

മൂന്ന് വിക്രം റോക്കറ്റുകളാണ് കമ്പനി വികസിപ്പിക്കുന്നത്. വിവിധ സോളിഡ്, ക്രയോജനിക് ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്നവയാണിവ. 2960 കിലോഗ്രാമിനും 560 കിലോഗ്രാമിനും ഇടയിൽ ഭാരം സൺ സിങ്ക്രണസ് പോളാർ ഓർബിറ്റിലെത്തിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്.

ഐഎസ്ആർഒയുടെ പിഎസ്എൽവിയ്ക്ക് 1750 കിലോഗ്രാം ഭാരം ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിക്കും. പുതിയതായി വികസിപ്പിച്ച സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് 300 കിലോഗ്രാം വരെയുള്ള ചെറിയ വാണിജ്യ ഉപഗ്രങ്ങൾ സൺ സിങ്ക്രണസ് ഓർബിറ്റിലേക്ക് എത്തിക്കാൻ ശേഷിയുണ്ട്.

സ്വന്തമായി വികസിപ്പിച്ച റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ കമ്പനിയാണ് സ്‌കൈറൂട്ട് എങ്കിലും മറ്റ് കമ്പനികൾ അധികം പിന്നിലല്ല. അഗ്നികുൽ കോസ്‌മോസ് എന്ന മറ്റൊരു സ്ഥാപനം ഒരു സെമി ക്രയോജനിക് അഗ്നിലെറ്റ് എഞ്ചിൻ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച ഇസ്രോയുടെ തുമ്പ വിക്ഷേപണ കേന്ദ്രത്തിൽ 15 സെക്കൻറ് നേരം എഞ്ചിൻ പ്രവർത്തിപ്പിച്ചു നോക്കിയിരുന്നു. ഐഎസ്ആർഒയുടെ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ നിർമാണത്തിലും സ്വകാര്യ പങ്കാളിത്തമുണ്ടാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →