കൊണാക്രി: പശ്ചിമ ആഫ്രിക്കയിലെ ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ച് ഇന്ത്യന്‍ എംബസി. തടവിലായി 11 മണിക്കൂറിനുശേഷമാണ് ഇവര്‍ക്ക് കുടിവെള്ളംപോലും ലഭിക്കുന്നത്. എംബസി അധികൃതര്‍ എത്തിച്ച ഭക്ഷണം ഗിനി നാവികസേന കൈമാറിയെങ്കിലും ജീവനക്കാരെ കാണാന്‍ അനുവദിച്ചില്ല.
അതിനിടെ, ഹീറോയിക് ഇഡുന്‍ കപ്പലിലെ തടവിലായ ജീവനക്കാരെ വിമാനത്തില്‍ നൈജീരിയക്കു കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.ജീവനക്കാരുടെ പാസ്പോര്‍ട്ടും സൈന്യം വാങ്ങിയിട്ടുണ്ട്. പതിനഞ്ച് ഇന്ത്യക്കാരെയും വീണ്ടും തടവ് കേന്ദ്രത്തിലാക്കി. ഇവിടെ ഭക്ഷണവും വെള്ളവും പോലും കിട്ടാത്ത സാഹചര്യമാണെന്നും നൈജീരിയയിലേക്കു കൈമാറുമോയെന്ന ആശങ്കയുണ്ടെന്നും ക്യാപ്റ്റന്‍ തനൂജ് മേത്ത നേരത്തെ പ്രതികരിച്ചിരുന്നു. അതിനിടെ, നാവികരുടെ മോചനത്തിനു വഴി തെളിയുന്നതായും സൂചനയുണ്ട്. ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയും അബുജ ഹൈക്കമ്മിഷനും പരിശ്രമിച്ചു വരികയാണെന്ന് മാലബോ എംബസി സെക്കന്‍ഡ് സെക്രട്ടറി സരതകുമാര്‍ നായക് രേഖാമൂലം അറിയിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.
തങ്ങളെ ജയിലിലേക്കാണു മാറ്റിയിരിക്കുന്നതെന്ന് സംഘത്തിലുള്ള മലയാളിയും കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനുമായ വിജിത്ത് നാട്ടില്‍ അറിയിച്ചു. ഹോട്ടലിലേക്കെന്നു തെറ്റിദ്ധരിപ്പിച്ചാണു കപ്പലില്‍ നിന്നും ജയിലിലേക്കു മാറ്റിയത്. പതിനഞ്ചുപേരെ ഒരു മുറിയില്‍ അടച്ചിട്ടിരിക്കയാണ്. മുറിക്കു പുറത്തു സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നും വിജിത് പറഞ്ഞു. കഴിഞ്ഞ ഏഴിനു അറസ്റ്റു ചെയ്തുകൊണ്ടുപോയ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ സൈന്യം തിരികെ കപ്പലില്‍ എത്തിച്ചിട്ടുണ്ട്.സമുദ്രാതിര്‍ത്തി ലംഘച്ചെന്ന പേരില്‍ പിടിയിലായ ചരക്കുകപ്പലില്‍ നിന്ന് ഇന്നലെയാണു സനു ജോസിനെ യുദ്ധക്കപ്പലിലേക്ക് കൊണ്ടുപോയത്. നൈജീരിയക്കു കൈമാറുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരുന്നു സഹപ്രവര്‍ത്തകര്‍. നൈജീരിയന്‍ സമുദ്രാതിര്‍ത്തി കടന്ന കപ്പല്‍ നൈജീരിയക്കു കൈമാറുമെന്നാണ് ഗിനി സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം. മലയാളികളടക്കമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കമുള്ളവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

