ഇന്ത്യയിലാദ്യം; പാഠ്യപദ്ധതി പരിഷ്കരണത്തിൽ വിദ്യാർത്ഥികളെയും കേൾക്കും : സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ വുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സ്കൂൾ കുട്ടികളിൽ നിന്നും സ്വീകരിക്കുന്നതിൻ്റെ ഭാഗമായ ചർച്ചയുടെ സംസ്ഥാന തല ഉദ്ഘാടനം ഭരതന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്നും നേരിട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നത്.

26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, സ്കൂൾ തലങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി വിശദമായ ജനകീയ ചർച്ചകൾ നടത്തി വരികയാണ്. കേരളത്തിലെ എല്ലാ സ്കൂളുകളിലും നവംബർ 15നു മുമ്പ് ഒരു ദിവസം നിശ്ചയിച്ച് കുട്ടികളുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തും. ഇത്തരത്തിൽ ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റിക്ക് നൽകും . ജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്ന ഇത്തരം നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാകും പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നത്. 2007 ലാണ് അവസാനമായി സംസ്ഥാനത്ത് സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയർത്തുന്നതിന് ഇനി മുതൽ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   

ചടങ്ങിൽ ഭരതന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും  നിർമാണ ഉദ്ഘാടനവും ജലഗുണനിലവാര പരിശോധനാ ലാബുകളുടെ  ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഡി.കെ. മുരളി എം.എൽ. എ,  എ. എ .റഹീം എം.പി തുടങ്ങിയവരും സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →