പൊന്നാനിയില്‍ മത്സ്യബന്ധനത്തിനിടെ അപകടം; അഞ്ചുപേര്‍ക്ക് പരുക്ക്

പൊന്നാനി: പൊന്നാനിയില്‍ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്ക്. ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെ അഞ്ചു പേര്‍ക്കാണു പരുക്കേറ്റത്. പൊന്നാനിയില്‍നിന്നു മത്സ്യബന്ധനത്തിനിറങ്ങിയ സഹല്‍മോന്‍ എന്ന ബോട്ടിലാണ് കൂറ്റന്‍ ഇരുമ്പ് പൊട്ടി ദേഹത്തുവീണ് അപകടമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളായ ബല്‍റാം(35), പ്രസാദ് (35) സഫിയാന്‍ (45), ബിനിയാം(31) എന്നിവര്‍ക്കും പൊന്നാനി സ്വദേശി ഉമറിനു(40)മാണ് പരുക്കേറ്റത്. കരയില്‍നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്.

പൊന്നാനിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയ സഹല്‍മോന്‍ എന്ന ഫിഷിങ് ബോട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിന്റെ വല സമീപത്തു മത്സ്യബന്ധനം നടത്തുകയായിരുന്ന മുനമ്പം സ്വദേശിയുടെ സെന്റ് ആന്റണീസ് എന്ന ബോട്ടിന്റെ വലയില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ ബോട്ടിനെ വലയുമായി ബന്ധിപ്പിക്കുന്ന സുനാമി എന്ന പേരിലുള്ള കൂറ്റന്‍ ഇരുമ്പ് പൊട്ടി തൊഴിലാളികളുടെ മേല്‍ വീഴുകയായിരുന്നു. ഈ സമയം നേരത്തെ പിടിച്ച മത്സ്യം വേര്‍തിരിക്കുകയായിരുന്നു തൊഴിലാളികള്‍. ഇവരുടെ ദേഹത്തേക്കാണ് ഇരുമ്പ് പൊട്ടിവീണത്. അപകടവിവരം അറിഞ്ഞയുടന്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു മത്സ്യബന്ധന ബോട്ടില്‍ പരുക്കേറ്റവരെ ഹാര്‍ബറിലെത്തിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുകളെ വിദഗ്ധചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →