ഭാഷ സംസ്‌കാരത്തിന്റെ ആകെത്തുക: ജില്ലാ വികസന കമ്മീഷണര്‍ മലയാള ഭാഷാ വാരാഘോഷം കേരളീയം 2022 ഉദ്ഘാടനം ചെയ്തു

ഭാഷ ഒരു സംസ്‌കാരത്തിന്റെ ആകെത്തുകയാണെന്ന് ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍കുമാര്‍ മീണ. ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഓഫീസ് സംഘടിപ്പിച്ച മലയാള ഭാഷാവാരാഘോഷം  കേരളീയം 2022 ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

താന്‍ മലയാളിയല്ല എങ്കിലും മലയാളം പഠിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു നാടിനെക്കുറിച്ച് പഠിക്കണമെങ്കില്‍ അവിടുത്തെ ഭാഷയെ ആദ്യം അറിയണം. കാരണം ആ നാടിന്റെ എല്ലാവിധ സംസ്‌കാരങ്ങളുടെയും ആകെത്തുകയായിരിക്കും അവിടുത്തെ ഭാഷ. സ്വന്തം ഭാഷയെ സ്‌നേഹിക്കുന്നതോടൊപ്പം മറ്റുള്ള ഭാഷകളെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പരിപാടിയോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരവും കവിതാലാപനം ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. ഷോജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. ഫാത്തിമ മുഖ്യ സന്ദേശം നല്‍കി. ഭാരത് മാതാ കോളേജ് മലയാളം വകുപ്പ് ഡീന്‍ ഡോ. തോമസ് പനക്കളം മുഖ്യ പ്രഭാഷണം നടത്തി. റിസര്‍ച്ച് അസിസ്റ്റന്റ് കെ.എസ്. ശ്രീകുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസര്‍ സി.എന്‍. രാധാകൃഷ്ണന്‍, റിസര്‍ച്ച് ഓഫീസര്‍ കെ.എം. താഹിറ, വര്‍ഗീസ് ജോഷി ടി.എക്‌സ്,  ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →