ടെല്‍ അവീവ്: ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ തിരിച്ചുവരവ്. കടുത്ത വലതുപക്ഷ നിലപാടുള്ള റിലീജിസ് സിയോണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ നെതന്യാഹു പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുമെന്നാണു സൂചന. 84 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും സഖ്യകക്ഷികളും 120 ല്‍ 65 സീറ്റില്‍ വിജയം ഉറപ്പിച്ചിട്ടുണ്ട്. ഇസ്രയേല്‍ ജനത വലിയ പിന്തുണയാണു നല്‍കിയതെന്നു നെതന്യാഹു പ്രതികരിച്ചു.അതേ സമയം, ഭരണത്തിനു ലിക്കുഡ് പാര്‍ട്ടിക്കു റിലീജിസ് സിയോണിസ്റ്റ് പാര്‍ട്ടിയെ ആശ്രയിക്കേണ്ടി വരും. അറബ് വിരുദ്ധ നിലപാടുകളുടെ പേരില്‍ കുപ്രസിദ്ധരാണ് ഇതിന്റെ നേതാക്കളായ ബെന്‍ വിര്‍, ബെസാലെല്‍ മോട്രിച്ച് തുടങ്ങിയവര്‍.
ഇസ്രയേല്‍ രാഷ്ട്രീയത്തിലെ ഏറ്റവും വിവാദ നേതാക്കളില്‍ ഒരാളാണ് നെതന്യാഹു(73). ലിക്കുഡ് പാര്‍ട്ടി നേതൃത്വത്തിലെ പലര്‍ക്കും അദ്ദേഹത്തോടു താല്‍പ്പര്യമില്ലെങ്കിലും അണികളുടെ പിന്തുണ നെതന്യാഹുവിനാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന അഞ്ചാമത്തെ പൊതുതെരഞ്ഞെടുപ്പാണു പൂര്‍ത്തിയാകുന്നത്. 2021 മാര്‍ച്ചിലാണു പ്രതിപക്ഷ കക്ഷികളെല്ലാം ചേര്‍ന്ന് നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണത്തിന് അവസാനം കുറിച്ചത്. വലതുപക്ഷികളുടെ വോട്ടിങ് ശതമാനം കൂടിയപ്പോള്‍ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി യെയ്ര്‍ ലാപിഡിന്റെ പാര്‍ട്ടിക്കാണു കൂടുതല്‍ തിരിച്ചടിയേറ്റത്.

