ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി സോഷ്യൽ ഡിഫൻസ് ഫോഴ്സിന് രൂപം നൽകാനൊരുങ്ങി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. ലഹരിയുടെ ഉപയോഗവും വ്യാപനവും തടഞ്ഞ് നാടിനേയും യുവതലമുറയേയും ലഹരിയിൽ നിന്നും മുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സോഷ്യൽ ഡിഫൻസ് ഫോഴ്സിന് രൂപം നൽകുന്നത്. ലഹരിയുടെ വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ യഥാസമയം അറിയിക്കുകയും സമൂഹത്തിൽ ഒരു പ്രതിരോധ കവചം തീർക്കുകയും ചെയ്യുക എന്നതാണ് സോഷ്യൽ ഡിഫൻസ് ഫോഴ്സിലൂടെ ലക്ഷ്യമിടുന്നത്.
ഇതിൻ്റ ഭാഗമായി കുടുംബശ്രീ, ഹരിതകർമസേന, വ്യാപാരി വ്യവസായി, റസിഡന്റ്സ് അസോസിയേഷനുകൾ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം പഞ്ചായത്തിൽ ചേർന്നു. ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് പഞ്ചായത്തിൽ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 30 ന് പഞ്ചായത്തിൽ മിനി മാരത്തോൺ സംഘടിപ്പിക്കും. രാവിലെ ആറിന് ചോറ്റാനിക്കര ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്ന് മിനി മാരത്തോൺ ആരംഭിക്കും. കൂടാതെ നവംബർ ഒന്നിന് വൈകിട്ട് 4.30 ന് ക്ഷേത്രനഗരി ശ്രീനാരായണ ഗുരുദേവ മണ്ഡപം മുതൽ പഞ്ചായത്തുവരെ മനുഷ്യച്ചങ്ങല എന്നീ പരിപാടികൾ നടത്തുവാനും യോഗം തിരുമാനിച്ചു.